രാഹുൽഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ഹർജിയിൽ വാദം കേൾക്കും. മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. മാർച്ച് 23നാണ് സൂറത്തിലെ മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്.
അതേസമയം അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് പിന്മാറിയത്. കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാർ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിലാണ് രാഹുലിന്റെ അപ്പീൽ വന്നത്. പിന്മാറിയതോടെ ഇനി പുതിയ ബെഞ്ചിന് മുന്നിലാകും അപ്പീൽ വരിക. പുതിയ ജഡ്ജിയെ നിയമിക്കാൻ രണ്ട് ദിവസമെടുത്തേക്കുമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പിഎസ് ചാപ്പനേരി പറഞ്ഞു

