Saturday, January 3, 2026

ഹേമ കമ്മിറ്റി റിപ്പോർട്ട് അനധികൃതമായി മറച്ചു വെച്ചത് പൊതുജനങ്ങളോടുള്ള വിശ്വാസ വഞ്ചന ! മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമെതിരെ നിയമ നടപടിയുമായി മാദ്ധ്യമ പ്രവർത്തകനായ ക്രൈം നന്ദകുമാർ

ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ ഉണ്ടായ ലൈംഗികാരോപണങ്ങളിലും മലയാള സിനിമ ഞെട്ടിത്തരിച്ചിരിക്കെ ഗുരുതരമായ റിപ്പോർട്ട് നാലര വർഷത്തോളം പിടിച്ചു വച്ച മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമെതിരെ നിയമ നടപടിയുമായി മാദ്ധ്യമ പ്രവർത്തകനായ ക്രൈം നന്ദകുമാർ.

കേരള മുഖ്യമന്ത്രി (ആഭ്യന്തരകാര്യ വകുപ്പ്), കേരള സാംസ്‌കാരിക മന്ത്രി, സെക്രട്ടറി, കേരള ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, സാംസ്‌കാരികകാര്യ സെക്രട്ടറി, മുന്‍ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ എന്നിവർക്കെതിരെയാണ് ക്രൈം നന്ദകുമാർ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വ്യക്തികൾ പല സ്ഥലങ്ങളിലും പെൺകുട്ടികളെ നിരന്തരമായി പീഡിപ്പിക്കുന്നു എന്ന ഗൗരവമേറിയ ആരോപണം സത്യമാണെങ്കിൽ, മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ഈ റിപ്പോർട്ട് അനധികൃതമായി മറച്ചുവെച്ചതും ജനങ്ങൾക്ക് അതിന്റെ ഉള്ളടക്കം വിട്ടുതരാതിരുന്നതും പൊതുജനങ്ങളുടെ വിശ്വാസം വഞ്ചിക്കുന്നതാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജസ്റ്റിസ് ഹേമ, ഈ ക്രൂരമായ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസ് റിപ്പോർട്ട് ചെയ്യാതിരുന്നതും, പരിവർത്തന നടപടികൾ കൈക്കൊള്ളാതിരുന്നതും ഗുരുതരമായ അനാസ്ഥയാണെന്നും പരാതിയിൽ പറയുന്നു.

5 കോടിയുടെ പൊതുമുതൽ ഉപയോഗിച്ചുള്ള റിപ്പോർട്ട് മറച്ചുവെക്കൽ വിശ്വാസഭംഗമാണ്, നിയമപ്രകാരം കടപ്പെട്ടവര്‍ ഇത് റിപ്പോർട്ട് ചെയ്യാത്തത് കുറ്റകരമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ
പ്രഥമ റിപ്പോര്‍ട്ട് രജിസ്റ്റർ ചെയ്ത് അടിയന്തരമായ അന്വേഷണം നടത്തി കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ക്രൈം നന്ദകുമാർ ആവശ്യപ്പെടുന്നു.

Related Articles

Latest Articles