Monday, May 20, 2024
spot_img

ഇടിച്ചിട്ട വാഹനം കണ്ടെത്തിയില്ലെങ്കിലും നഷ്‌ടപരിഹാരം ലഭിക്കും ;ഹൈക്കോടതി

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് ഹൈക്കോടതി. മോട്ടോർ വാഹനനിയമത്തിലെ സെക്​ഷൻ 161 മുതൽ 163 വരെയുള്ള വ്യവസ്ഥകൾ പ്രകാരമാണിതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

1989-ൽ കൊണ്ടുവന്ന സൊളോഷ്യം സ്കീം ഇത് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഈ വ്യവസ്ഥയെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് ഒരു അറിവുമില്ലെന്നും കോടതി നിരീക്ഷിച്ചു. എവിടെ അപേക്ഷ നൽകണമെന്നതുപോലും അറിയില്ല. അർഹരായവർക്ക് ഈ വ്യവസ്ഥ പ്രയോജനപ്പെടുത്താനുള്ള നടപടികൾ വേണമെന്നും കോടതി നിർദേശിച്ചു.

ഇടിച്ച വാഹനങ്ങൾ നിർത്താതെപോയാലും അപകടത്തിൽ മരിച്ചാൽ 25,000 രൂപയും ഗുരുതരമായി പരിക്കേറ്റാൽ 12,500 രൂപയും നഷ്ടപരിഹാരം ലഭിക്കും.

2021 നവംബർ രണ്ടിന് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ച് സാരമായി പരിക്കേറ്റ ആലുവ ചൊവ്വര സ്വദേശി വി.കെ. ഭാസി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഇടിച്ച കാർ കണ്ടെത്താനായില്ലെന്ന് കളമശ്ശേരി പോലീസ് റിപ്പോർട്ട് നൽകി. സൊളോഷ്യം സ്കീംപ്രകാരം അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ഇത്തരം കേസുകളിൽ ആർ.ഡി.ഒ.മാരെ ക്ലെയിം എൻക്വയറി ഓഫീസർമാരായും ജില്ലാ കളക്ടർമാരെ ക്ലെയിം സെറ്റിൽമെൻറ് ഓഫീസർമാരായും ചുമതലപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. ഹർജിക്കാരൻ ശരിയായി അപേക്ഷിക്കാത്തതാണ് പ്രശ്നമായതെന്നും വ്യക്തമാക്കി. ഹർജിക്കാരനോട് നിശ്ചിത ഫോമിൽ അപേക്ഷ നൽകാൻ കോടതി നിർദേശിച്ചു.

Related Articles

Latest Articles