തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടറിന് പിഴയിട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.ട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാൻ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർക്കാണ് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി നിർദ്ദേശിച്ചു.
ഏപ്രിൽ നാലാം തിയതി രാവിലെ വാഹന ഉടമയായ നേമം സ്വദേശി ആർ എസ് അനിയുടെ ഫോണിലേക്കാണ് ട്രാഫിക് പോലീസിൽ നിന്നും പിഴയുടെ സന്ദേശമെത്തിയത്. ശാസ്തമംഗലം-പേരൂർക്കട റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് കാണിച്ചാണ് പിഴ. അതേസമയം, മെസേജിൽ പറയുന്ന ദിവസം താൻ വീട്ടിൽ തന്നെയായിരുന്നുവെന്നും വാഹനം വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും അനി പറഞ്ഞു.നോട്ടീസിലെ ചിത്രത്തിലുള്ളത് മറ്റൊരു നിറത്തിലെ ഹോണ്ട ആക്റ്റീവ സ്‌കൂട്ടറാണെന്നും പരാതിയിൽ അനി ആരോപിച്ചിട്ടുണ്ട്

