വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ചെമ്മരുതി ആശാൻമുക്കിന് സമീപം കുന്നത്തുവിള വീട്ടിൽ രാജേന്ദ്രൻ (53) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ബിന്ദു (42) വിനെയും മകൻ അമലി(18) നെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കുടുബപ്രശ്‌നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യയും കഴിഞ്ഞ ഏതാനും മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങൾ എടുക്കാനായി മകനെയും മകളെയും കൂട്ടി വൈകീട്ട് രാജേന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. വാക്കുതർക്കത്തിനിടയിൽ രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന ദ്രാവകം ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം മകൾ വീടിന് പുറത്തുനിൽക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചിരുന്നു. അയിരൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പെയിന്റിങ് തൊഴിലാളിയായ രാജേന്ദ്രൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഉപയോഗിച്ചാകും തീകൊളുത്തിയതെന്നാണ് പോലീസ് നിഗമനം. ഫൊറൻസിക് പരിശോധനാ ഫലങ്ങൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

