തിരുവനന്തപുരം : പൂവച്ചലിൽ കാറിടിച്ച് കുട്ടി മരണപ്പെട്ട സംഭവം കൊലപാതകം. കാട്ടാക്കട ചിന്മയ മിഷൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പൂവച്ചൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായ അരുൺ കുമാറിന്റേയും സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് ദീപയുടെയും മകനായ ആദിശേഖർ (15) ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അകന്ന ബന്ധുവായ പ്രിയ രഞ്ജനെതിരെ കാട്ടാക്കട പോലീസ് നരഹത്യയ്ക്ക് കേസെടുത്തു
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വാഹനം കുട്ടിയെ ഇടിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതാണ് വഴിത്തിരിവായത്. കുട്ടിയുടെ മരണം വാഹനാപകടമാണെന്നാണ് ആദ്യം കരുതിയിരുന്നത്. പ്രതി പ്രിയ രഞ്ജൻ സ്ഥിരമായി പടിയന്നൂർ ക്ഷേത്ര പരിസരത്ത് മദ്യപിക്കുകയും ക്ഷേത്ര മതിലിൽ മൂത്രമൊഴിക്കുകയും ചെയ്തിരുന്നത് കുട്ടി ചോദ്യം ചെയ്തതും ബന്ധുക്കളോട് പറയുകയും ചെയ്തതിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

