Saturday, May 4, 2024
spot_img

പെലെയുടെ റെക്കോഡ് സ്വന്തം പേരിൽ കുറിച്ച് നെയ്മർ; ബൊളീവിയയ്‌ക്കെതിരേ കാനറികൾക്ക് മിന്നും തകർപ്പൻ ജയം

റിയോ ഡി ജനീറോ : ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ബ്രസീലിന് തകര്‍പ്പന്‍ ജയം. ബൊളീവിയയെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ബ്രസീല്‍ തോൽപ്പിച്ചത്. ബ്രസീലിനായി സൂപ്പര്‍ താരം നെയ്മറും റോഡ്രിഗോയും ഇരട്ട ഗോളുമായി തിളങ്ങി. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ നെയ്മര്‍ 61-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും വലകുലുക്കിയപ്പോൾ 24, 53 മിനിറ്റുകളിലാണ് റോഡ്രിഗോ വല കുലുക്കിയത്. 47-ാം മിനിറ്റില്‍ റാഫീന്യയും ടീമിനായി ലക്ഷ്യം കണ്ടപ്പോൾ ബൊളീവിയയ്ക്ക് വേണ്ടി 78-ാം മിനിറ്റില്‍ വിക്ടര്‍ അബ്രെഗോ ആശ്വാസ ഗോള്‍ കണ്ടെത്തി. വിജയത്തോടെ ബ്രസീല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്ന് പോയന്റാണ് ടീമിനുള്ളത്. യുറുഗ്വായ്, അര്‍ജന്റീന, കൊളംബിയ എന്നീ ടീമുകള്‍ക്കും മൂന്ന് പോയന്റ് വീതമുണ്ടെങ്കിലും ഗോൾ ശരാശരിയിലെ ആധിപത്യമാണ് ബ്രസീലിനെ പോയിന്റ് ടേബിളിൽ മുന്നിലെത്താൻ സഹായിച്ചത്.

ഇരട്ട ഗോൾ നേട്ടത്തോടെ ബ്രസീലിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ പേരിലുള്ള റെക്കോഡ് നെയ്മര്‍ സ്വന്തം പേരിൽ കുറിച്ചു. പെലെയുടെ പേരില്‍ 77 ഗോളുകളാണുള്ളത്.നെയ്മർ നിലവില്‍ 79 ഗോളുകളാണ് രാജ്യത്തിനായി സ്‌കോർ ചെയ്തത്. 62 ഗോളുമായി റൊണാള്‍ഡോയാണ് മൂന്നാമത്. 55 ഗോളുകള്‍ നേടിയ റൊമാരിയോ, 48 ഗോളുകള്‍ അടിച്ച സികോ എന്നിവര്‍ നാല് അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Related Articles

Latest Articles