Monday, June 17, 2024
spot_img

ഏഴു നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം;ദില്ലിയിലെ ആശുപത്രി ഉടമ അറസ്റ്റിൽ; ദുരന്തത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു

ദില്ലിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ സംഭവത്തില്‍ ആശുപത്രി ഉടമ അറസ്റ്റിലായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ഒളിവിൽപ്പോയ ബേബി കെയര്‍ ന്യൂബോണ്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ നവീന്‍ കിച്ചിയെ ദില്ലിയിൽ നിന്ന് തന്നെയാണ് അന്വേഷണ സംഘം പിടികൂടിയത്. കുറ്റകരമായ നരഹത്യയും ഉടമയ്‌ക്കെതിരെ ചുമത്തുമെന്നാണ് ദില്ലി പോലീസ് നൽകുന്ന സൂചന.

കിഴക്കൻ ദില്ലിയിലെ വിവേക് വിഹാറിലെ ആശുപത്രിയിൽ വലിയ പൊട്ടിത്തെറിയോടെ രാത്രി പതിനൊന്നരയോടെയാണ് തീ പിടിത്തമുണ്ടായത്. ആശുപത്രിയുടെ താഴെ നിലയിൽ സൂക്ഷിച്ച ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിതെറിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 12 കുഞ്ഞുങ്ങൾ അപകട സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു. റോഡിനരികെ ഇടുങ്ങിയ മൂന്ന് നില കെട്ടിടത്തിലാണ് സ്വകാര്യ ആശുപത്രി പ്രവർത്തിച്ചിരുന്നത്. തീപിടിത്തവും പുകയും ഉയർന്നത്തോടെ നേഴ്സ്മാർ അടക്കം ആശുപത്രി അധികൃതർ ഓടി രക്ഷപെട്ടു. ആശുപത്രിയുടെ ചില്ല് തകർത്തു ഉള്ളിൽ കയറിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

തീപിടിത്തമുണ്ടായാൽ അണയ്ക്കാൻ വേണ്ട സുരക്ഷാസംവിധാനങ്ങളും ആശുപത്രിയിലുണ്ടായിരുന്നില്ല. ആശുപത്രിയുടെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഓക്സിജൻ റീഫില്ലിങ് കേന്ദ്രം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും റീഫില്ലിങ് നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു. ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്‍റ് ഗവർണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles