Tuesday, September 22, 2026

“കളമശ്ശേരിയിൽ നടന്ന സംഭവം ഏറെ ദൗർഭാഗ്യകരം !” വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ; അന്വേഷണത്തിന് 20 അംഗ പ്രത്യേക സംഘം

തിരുവനന്തപുരം : കളമശ്ശേരിയിൽ നടന്ന സംഭവം ഏറെ ദൗർഭാഗ്യകരമാണെന്നും ഇതിനുപിന്നിലുള്ളവർ രക്ഷപ്പെടില്ലെന്നും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ മാദ്ധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും അദ്ദേഹം പ്രശംസിച്ചു.

“കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് നൽകിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായി കൊച്ചി ഡിസിപി ശശിധരൻ ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ 20 പേർ ഉണ്ടാകും. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവില്‍ 18 പേരാണ് ഐസിയുവിലുള്ളത്. അവരില്‍ 6 പേരുടെ നില ഗുരുതരമാണ്.

സംഭവം നടന്നയുടൻ മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ അവിടെയെത്തിയിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ നാളെ രാവിലെ 10ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles