Saturday, December 13, 2025

പ്രവാസി യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

താമരശ്ശേരി: വീട്ടിൽ നിന്നും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന മുഖ്യപ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ (38)യാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലുപേരും ക്വട്ടേഷൻ സംഘങ്ങളായ മൂന്നുപേരും ബീച്ചിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായി താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ് പറഞ്ഞു.

കാർ വാടകക്കെടുത്ത പ്രതി കാസർകോട് ചന്ദ്രഗിരി സ്വദേശി സി.കെ. ഹുസൈനെ (44) ബുധനാഴ്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി കോഴിക്കോട് ബീച്ചിൽ അടക്കം തെളിവെടുപ്പ് നടത്തി. ഷാഫിയെ ക്വട്ടേഷൻ സംഘം വിട്ടയച്ച മൈസൂർ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബുധനാഴ്ചയും പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാസർകോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്മാന്‍, ഹുസൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച മൈസൂരിൽ മോചിപ്പിച്ച ഷാഫിയെയും അവിടെയെത്തിച്ച് പരിശോധന നടത്തിയിരുന്നു.

വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഏപ്രിൽ ഏഴിന് രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച ഭാര്യ സനിയയെ വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിട്ടു.

Related Articles

Latest Articles