Friday, May 17, 2024
spot_img

അതിവേഗം മുന്നേറി ഇന്ത്യൻ സാമ്പത്തിക മേഖല ! ഭാരതത്തോട് മുട്ടാനാകില്ല മക്കളെ !! |

കൊവിഡാനന്തര സാമ്പത്തിക മേഖലയിൽ ഇന്ത്യൻ കുതിപ്പ് തുടരുമ്പോൾ, ഉത്പാദനവും കയറ്റുമതിയും കുത്തനെ ഇടിഞ്ഞ് ചൈന കിതക്കുന്നു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം പാരമ്യത്തിലെത്തി നിൽക്കെ, മദ്യം മുതൽ ഐഫോൺ വരെയുള്ളവയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ചൈനയിൽ വൻ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചൈനയുടെ തുറുപ്പ് ചീട്ടായിരുന്ന റിയൽ എസ്റ്റേറ്റ് മേഖലയും തകരുമ്പോൾ, നിക്ഷേപകർ ചൈനയെ കൈവിട്ട് കൂട്ടത്തോടെ ഇന്ത്യയിലേക്ക് എത്തുകയാണ്. ചൈനയിലെ പ്രമുഖ നിർമാണ കമ്പനികൾ എല്ലാം തന്നെ നഷ്ടത്തിലും കടക്കെണിയിലുമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ മുടങ്ങി കിടക്കുന്നത്, അവരുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുകയാണ്. ഉപഭോക്താക്കൾക്ക് പണം മടക്കി നൽകുവാനോ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാനോ, അവർക്ക് സാധിക്കുന്നില്ല. ചൈനയിലെ മുൻനിര റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ എവർഗ്രാൻഡിന്റെയും കണ്ട്രി ഗാർഡന്റെയും സാമ്പത്തിക ബാദ്ധ്യത 500 ബില്ല്യൺ ഡോളറിനും മുകളിലാണ്. അതേസമയം ഇന്ത്യയിൽ അദാനി ഗ്രൂപ്പ്, ബിർള ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സുരക്ഷിതമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ സിമന്റ് ക്ഷാമവും റിയൽ എസ്റ്റേറ്റ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ സിമന്റ് ഉത്പാദനം വർദ്ധിച്ച് വരുന്നത് നേട്ടമാകുകയാണ്. കൂടാതെ, ചൈനയിലെ അടിസ്ഥാനസൗകര്യ വികസനവും പ്രതിസന്ധിയിലാണ്. ഭൂമി കച്ചവടം കുറഞ്ഞതും വ്യാപാരികളുടെ പക്കൽ പണമില്ലാത്തതുമാണ് പ്രധാന വെല്ലുവിളികൾ. ഭൂമി കച്ചവടം നിലച്ചതും പുതിയ നിർമാണ പ്രവർത്തനങ്ങൾ നടക്കാത്തതും പ്രാദേശിക ഭരണകൂടങ്ങളുടെ നികുതി വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ചൈനയിൽ റോഡ് നിർമ്മാണ മേഖലയിലും വർഷം തോറുമുള്ള നിക്ഷേപം ഇടിയുകയാണ്. സാമ്പത്തിക പ്രതിസന്ധി നിമിത്തം പ്രതിവർഷം അടച്ച് പൂട്ടുന്ന ചെറുകിട സ്ഥാപനങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ്.

അതേസമയം, ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരികയാണ്. സിമന്റിന്റെ ഉപയോഗത്തിലും ഉത്പാദനത്തിലും ഉണ്ടാകുന്ന വർദ്ധനവ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല ശരിയായ ദിശയിലാണെന്നതിന്റെ ഉത്തമ ഉദാഹരണമായി ആഗോള സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 023 സാമ്പത്തിക വർഷത്തിൽ ഭവന നിർമ്മാണത്തിലും വിൽപ്പനയിലും ഇന്ത്യ സർവ്വകാല റെക്കോർഡ് കൈവരിച്ചു. കഴിഞ്ഞ ഉത്സവകാലത്ത് ഭവന നിർമ്മാണത്തിലും വിൽപ്പനയിലും ഉണ്ടായത് മൂന്ന് വർഷത്തെ ഉയർന്ന നിരക്കാണ്. കേന്ദ്ര സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതികളിലെ വർദ്ധനവും ഇതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം വളർന്നതോടെ വ്യാവസായിക ഉൽപാദന രംഗത്തും പുത്തൻ ഉണർവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബറിലെ വ്യാവസായിക ഉൽപാദന സൂചിക 16 മാസത്തെ ഉയരത്തിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ഒക്ടോബറിലെ 4.1 ശതമാനത്തിൽ നിന്നും ഇത്തവണ 11.7 ശതമാനത്തിലേക്കാണ് IIP വളർച്ച കുതിച്ചത്. ഈ വർഷം സെപ്റ്റംബറിൽ 5.8 ശതമാനം വളർച്ചയാണ് വ്യവസായിക മേഖല കൈവരിച്ചത്. എന്തായാലും, രാജ്യത്തെ ഫാക്ടറി മേഖലകളിൽ സാമ്പത്തിക പ്രവർത്തനങ്ങളും, ഉൽപാദനങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. കൂടാതെ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന മാനുഫാക്ചറിംഗ് മേഖല ഒക്ടോബറിൽ 10.4 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ ഇത് 4.5 ശതമാനമായിരുന്നു. ഖനന മേഖലയുടെ വളർച്ച സെപ്റ്റംബറിലെ 11.5 ശതമാനത്തിൽ നിന്നും ഒക്ടോബറിൽ 13.1 ശതമാനമായി ഉയർന്നിട്ടുണ്ട്. വൈദ്യുതോൽപ്പാദനത്തിന്റെ വാർഷികാധിഷ്ഠിത വളർച്ച 1.2 ശതമാനത്തിൽ നിന്നും 20.4 ശതമാനത്തിലേക്കാണ് മെച്ചപ്പെട്ടത്. ഉത്സവകാലത്തെ മികച്ച ഉപഭോക്തൃ ഡിമാന്റിന്റെ പശ്ചാത്തലത്തിലാണ് IIP വളർച്ച മെച്ചപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles