Thursday, January 8, 2026

രാജ്യത്തെ വിമാനത്താവളങ്ങളുടെ തലവര മാറും ! നടപ്പാക്കുന്നത് 96,000 കോടിയുടെ വികസന പദ്ധതികൾ ;വമ്പൻ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്

രാജ്യത്തെ വിമാനത്താവളത്തിൽ വമ്പൻ വികസനപദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. 96,000 കോടിയുടെ വികസന പദ്ധതികളാണ് അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് അടുത്ത 5 വർഷത്തിനകം നടപ്പാക്കുക. തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെർമിനൽ നിർമാണം ഉൾപ്പെടുന്ന 1,300 കോടി രൂപയുടെ ‘പ്രോജക്ട് അനന്ത’ പദ്ധതിയും ഇതിലുൾപ്പെടുന്നു.

മുംബൈ രാജ്യാന്തര വിമാനത്താവളം, നവി മുംബൈയിൽ സജ്ജമാകുന്ന പുതിയ വിമാനത്താവളം എന്നിവയുടെ വികസനത്തിനായിരിക്കും ഈ തുകയിൽ ഏറിയ പങ്കും ചിലവഴിക്കുക. പ്രതിവർഷം 5 കോടി യാത്രക്കാരെ സ്വീകരിക്കുന്നതിലേക്ക് നവി മുംബൈ വിമാനത്താവളം സജ്ജമാക്കുന്നതിന് മൊത്തം പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ് 45,000 കോടി രൂപവരെയാണ്. 19,000 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂർത്തിയാക്കുന്നത്.

ഓഹരി വിൽപന, വായ്പാ പുനഃക്രമീകരണം എന്നിവയിലൂടെയാണ് വികസനപദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കുക. അഹമ്മദാബാദ്, ജയ്പുർ വിമാനത്താവളങ്ങളിലും പുതിയ ടെർമിനലുകൾ നിർമിക്കുന്നുണ്ട്. ലക്നൗവിൽ സമീപകാലത്ത് നിർമിച്ച ടെർമിനൽ കൂടുതൽ വിപുലീകരിക്കും. രാജ്യത്ത് 26 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) വിപുലീകരിക്കാൻ നീക്കമുണ്ട്.

Related Articles

Latest Articles