Sunday, May 19, 2024
spot_img

നായകനായി വാഴ്ത്തപ്പെട്ടവൻ രണ്ട് പന്തുകൾക്കൊണ്ട് വില്ലനായി!ഫൈനലിലെ തോൽ‌വിയിൽ പ്രതികരണവുമായി മോഹിത് ശർമ്മ

ടൂർണ്ണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടും ചെന്നൈക്കെതിരായ ഫൈനലിൽ ഗുജറാത്തിന് തോൽവി വഴങ്ങേണ്ടി വന്നതിന്റെ ആരാധക രോഷം മുഴുവനും ഏറ്റുവാങ്ങുകയാണ് ഗുജറാത്ത് പേസർ മോഹിത് ശർമ്മ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് അതിവേഗം അടിച്ചു കൂട്ടിയത്. എന്നാൽ വമ്പൻ ലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ മറുപടി ബാറ്റിങ്ങിനിടെ മഴയെത്തിയതോടെ മത്സരം 15 ഓവറാക്കി വെട്ടിക്കുറക്കുകയും വിജയലക്ഷ്യം 171 റൺസാക്കി പുനർനിശ്ചയിച്ചു. അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് മോഹിത് ശർമയും. ആദ്യത്തെ നാലു പന്തുകളിൽ മൂന്നു റൺസ് മാത്രം മോഹിത് വിട്ടുകൊടുത്തതോടെ ഗുജറാത്ത് ആരാധകർ വിജയാഘോഷങ്ങൾ തുടങ്ങി. എന്നാൽ അവസാന രണ്ട് പന്തുകളിൽ ഒരു സിക്സും ഒരു ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിക്കുകയായിരുന്നു.

‘വീണ്ടും യോർക്കർ എറിയാനാണ് ശ്രമിച്ചത്. കൂടുതൽ ശ്രദ്ധയോടെ കളിക്കാനാണ് ആഗ്രഹിച്ചത്. ഈ ഐപിഎല്ലിലുടനീളം ഞാൻ അത് ചെയ്തു. എന്നാൽ, ആ പന്തുകൾ വീണത് പ്രതീക്ഷിച്ച സ്ഥലത്തായിരുന്നില്ല, ജഡേജ അവസരം ഉപയോഗപ്പെടുത്തി.തോൽവി ഏറ്റുവാങ്ങിയ രാത്രി എനിക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. മറ്റൊരു ബോൾ ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. എവിടെയോ എന്തോ നഷ്‌ടമായെങ്കിലും ഞാൻ മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ്’ -മോഹിത് ശർമ പറഞ്ഞു.

ഇതിനിടെ മോഹിത് അഞ്ചാം പന്തെറിയുന്നതിനു മുമ്പായി സബ്സ്റ്റിറ്റ്യൂട്ട് താരം വഴി പരിശീലകൻ ആശിഷ് നെഹ്റ നിർദേശങ്ങൾ നൽകിയതാണ് താരത്തിന്‍റെ ആത്മവിശ്വാസം കളഞ്ഞതെന്ന തരത്തിൽ ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത് മോഹിത് തള്ളിക്കളഞ്ഞു.

Related Articles

Latest Articles