Sunday, May 19, 2024
spot_img

ആഴക്കടലിലെ ലഹരിവേട്ട: 23 മണിക്കൂറുകൾ നീണ്ട കണക്കെടുപ്പ് പൂർത്തിയായി; വിപണിമൂല്യം 25000 കോടി രൂപ; പാക് പൗരനെ ചോദ്യം ചെയ്‌ത്‌ എൻ ഐ എ യും, എ ടി എസും

കൊച്ചി: 23 മണിക്കൂറുകൾ നീണ്ട കണക്കെടുപ്പുകൾക്ക് ശേഷം കൊച്ചി ആഴക്കടലിൽ പിടികൂടിയ മയക്കുമരുന്നിന്റെ വിപണി മൂല്യം പുറത്ത് വിട്ട് എൻ സി ബി. 25000 കോടിയുടെ മയക്കുമരുന്നാണ് നാവികസേനയും എൻ സി ബി യും സംയുക്തമായി നടത്തിയ ഓപ്പറേഷൻ സമുദ്രഗുപ്തയിൽ പിടികൂടിയത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍.സി.ബി. നല്‍കുന്ന ഔദ്യോഗികവിവരം. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത ലഹരിമരുന്നിന് 15,000 കോടി രൂപയോളം വിലവരുമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. എന്നാല്‍ കണക്കെടുപ്പും തരംതിരിക്കലും പൂര്‍ത്തിയായതോടെയാണ് ഇതിന്റെ യഥാര്‍ഥ വിപണിമൂല്യം എത്രയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ വളഞ്ഞ് കിലോക്കണക്കിന് മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു പാകിസ്ഥാൻ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണിത്. പിടിയിലായ പാകിസ്ഥാൻ സ്വദേശിയെ ഇന്ന് എൻ ഐ എ യും, എ ടി എസും ചോദ്യം ചെയ്‌തു. പാകിസ്ഥാനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.യുടെ പ്രാഥമിക കണ്ടെത്തല്‍. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ഇവ കപ്പലില്‍ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് പൊതിയാന്‍ ഉപയോഗിച്ച കവറുകളും ചാക്കുകളും പാകിസ്ഥാനില്‍ നിര്‍മിച്ചവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്‍.സി.ബി.യും നാവികേസനയും പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കപ്പലും ലഹരിമരുന്നും കടലില്‍ മുക്കാനായിരുന്നു കടത്തുകാരുടെ ശ്രമം. തുടര്‍ന്ന് മാഫിയസംഘത്തില്‍പ്പെട്ടവര്‍ ബോട്ടുകളില്‍ രക്ഷപ്പെട്ടു. ഇതിലൊരു ബോട്ട് പിന്തുടര്‍ന്നാണ് പാകിസ്ഥാന്‍ സ്വദേശിയെ പിടികൂടിയത്. കടലില്‍ മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ലഹരിമരുന്നും പിടിച്ചെടുക്കുകയായിരുന്നു.

Related Articles

Latest Articles