കോഴിക്കോട് : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി . സംരംഭകപട്ടികയിലെ പൊരുത്തക്കേട് പുറത്തു കൊണ്ട് വന്ന മാദ്ധ്യമ ഓഡിറ്റിങ്ങിനെ ദേശവിരുദ്ധത എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. ഇത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിനെതിരായ നീക്കം മാത്രമായി സര്‍ക്കാര്‍ പൊതുജനത്തിന്റെ മുന്നിൽ അവതരിപ്പിച്ചു . എന്നാൽ ഇപ്പോൾ ജനങ്ങൾ സത്യം മനസിലാക്കുകയാണെന്നും അത് കൊണ്ട് തന്നെ സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കുകള്‍ ഓരോന്നായി പൊളിയുകയാണെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പുതിയ സ്വകാര്യ സംരംഭങ്ങൾ സ്വന്തം നിലയിൽ തുടങ്ങിയാലും വായ്പ എടുത്താലും അപേക്ഷ നൽകിയാലും അവരുടെയും പേര് സംരംഭക പട്ടികയിൽപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ നേട്ടമായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. ശേഷം സംസ്ഥാനത്തിന്റെ വ്യാവസായിക സംരംഭത്തിന്റെ കാര്യത്തിൽ സർവകാല റെക്കോർഡ് സർക്കാർ നേടിയെന്ന് പിആർ മാനേജ്മെന്റ് നടത്തുകയാണു സർക്കാർ ചെയ്യുന്നതെന്നും എൻ.കെ.പ്രേമചന്ദ്രൻ ആരോപിച്ചു.
ഒരു വർഷം കൊണ്ട് ഒരു ലക്ഷത്തിൽപരം സംരംഭങ്ങൾ എന്ന സംസ്ഥാന സർക്കാരിന്റെ വാദം വ്യാജമാണെന്ന് തെളിയിക്കുന്ന വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തയെ നാടിനെതിരായ വാർത്ത എന്നാണ് വ്യവസായ മന്ത്രി പി.രാജീവ് വിളിച്ചത്.

