സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാദ്ധ്യമ പ്രവർത്തകർ കയ്യേറ്റത്തിനിരയായ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ . സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ സെക്രട്ടറിയേറ്റ് ജീവനക്കാർ തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചതിനാണ് മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക്കിനെയും ക്യാമറാമാൻ സിജോ സുധാകരനെയും ഡ്രൈവർ സജിൻലാലിനേയും കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഘർഷം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കും എന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സർക്കാരിനോടും ചീഫ് സെക്രട്ടറിയോടും യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി നായരും ആവശ്യപ്പെട്ടു.

