മാനന്തവാടി: പടമനയിൽ ഇറങ്ങിയ കൊലയാളി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കും. ബേലൂർ മഖ്‌ന എന്ന കാട്ടാന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ട്. ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക. രണ്ട് കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ട് കുംകികളെ കൂടി വൈകാതെ എത്തിക്കും.
കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാകും വനംവകുപ്പ് തുടർ നടപടി സ്വീകരിക്കുക. നോർത്തൺ സി സി എഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്താണ് എല്ലാം ഏകോപിപ്പിക്കുന്നത്.
അതേസമയം, പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് അൽഫോൻസാ ദേവാലയത്തിന്റെ സെമിത്തേരിയിൽ ആകും സംസ്‌കാരം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷം 10 മണിയോടെ ആണ് മൃതശരീരം വീട്ടിൽ എത്തിച്ചത്. 2 മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.

