Saturday, June 15, 2024
spot_img

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു ! പ്രതികൾ കൊടുംക്രിമിനലുകളെന്ന് പോലീസ്; പിടിയിലായ മുരുകൻ ജർമൻ യുവതിയെ പീഡിപ്പിച്ച കേസിലടക്കം 20 കേസുകളിൽ പ്രതി !

പത്തനംതിട്ട∙ മൈലപ്രയിൽ കടയ്ക്കുള്ളിൽ മോഷണ ശ്രമത്തിനിടെ വ്യാപാരിയെ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. കൊലപാതകത്തിന് ശേഷം പ്രതികൾ മോഷ്ടിച്ച വ്യാപാരിയുടെ സ്വർണമാല പണയം വയ്ക്കാൻ സഹായിച്ച ആളാണ് കസ്റ്റഡിയിലായത് എന്നാണ് വിവരം. വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി ഒൻപത് പവന്‍റെ മാലയും പണവുമാണ് പ്രതികൾ കവർന്നത്.

കേസിൽ പിടിയിലായ മുരുകൻ ജർമൻ യുവതിയെ പീഡിപിച്ച കേസിലടക്കം 20 കേസുകളിൽ പ്രതിയാണ്. മറ്റൊരു പ്രതി മധുര സ്വദേശിയായ സുബ്രഹ്മണ്യൻ അഞ്ചുകേസുകളിൽ പ്രതിയാണ്. മറ്റൊരു തമിഴ്നാട് സ്വദേശി മുത്തുകുമാരനായി അന്വേഷണം തുടരുകയാണെന്ന് എസ് പി അറിയിച്ചു. ഇവരെ എആർ ക്യാംപിൽ ചോദ്യം ചെയ്തുവരികയാണ്.

കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് പേരും പത്തനംതിട്ട സ്വദേശിയായ ഒരാളും പിടിയിലായിരുന്നു. തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ തെങ്കാശിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ മൂന്നാമൻ പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ ഹാരിബ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ്.

മറ്റൊരു കേസില്‍പ്പെട്ട് ജയില്‍ കഴിയവേയാണ് ഹാരിബ് സുബ്രഹ്മണ്യനെയും മുരുകനെയും പരിചയപ്പെടുന്നത്. ശേഷം ഇവർ പദ്ധതി തയ്യാറാക്കി വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും അപഹരിച്ചുവെന്നാണ് പോലീസ് പറയുന്നത്. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക്ക് കവർന്നതും ഇവർ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ്.

കഴിഞ്ഞ മാസം 30ന് വൈകുന്നേരമാണ് പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ മൈലപ്രയിലെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ചു കൊല്ലാൻ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവം നടന്ന ദിവസം ഉച്ചയ്ക്കു രണ്ടിനും വൈകിട്ട് ആറിനുമിടയിൽ മൈലപ്ര മേഖലയിൽ സംശയകരമായി കണ്ട വാഹനങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പ്രത്യേകം പരിശോധിച്ചു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 3 പേരെ ചോദ്യംചെയ്യാനായി തിങ്കളാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.

Related Articles

Latest Articles