ദില്ലി : കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ 14 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമർപ്പിച്ചിരുന്ന ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2014 – ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡി, സിബിഐ ഏജൻസികളുടെ കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവ് ഹർജിയില്‍ പരാമർശിച്ചിരുന്നു.
ഹർജിയിൽ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, അന്വേഷണത്തിൽ നിന്നും പ്രതിപക്ഷ നേതാക്കൾ ഒഴികഴിവുകൾ തേടുകയാണോയെന്നും പൗരന്മാർ എന്ന നിലയിൽ അവർക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോയെന്നും ചോദിച്ചു. തൊട്ട് പിന്നാലെയാണ് പ്രതിപക്ഷം സമർപ്പിച്ച ഹർജി പിൻവലിച്ചത്.
സമർപ്പിക്കപ്പെട്ട ഹർജി രാഷ്ട്രീയക്കാർക്കുവേണ്ടിയുള്ള അപേക്ഷയാണെന്ന് സുപ്രീംകോടതി പറഞ്ഞു . അഴിമതി, കുറ്റകൃത്യം എന്നിവ ബാധിച്ചേക്കാവുന്ന മറ്റ് പൗരന്മാരുടെ അവകാശങ്ങളും താൽപര്യങ്ങളും ഹർജിയിൽ പരിഗണിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് ഏങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ഇടം ചുരുങ്ങിയെങ്കില്‍ പരിഹാരം കാണേണ്ടത് കോടതിയല്ലെന്നും ജനങ്ങള്‍ക്കില്ലാത്ത നിയമപരിരക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിക്കു മുന്നിൽ വ്യക്തിഗത കേസുകൾ കൊണ്ടുവരുന്നതാണ് ഏറ്റവും ഉചിതമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. തുടർന്നാണ് പ്രതിപക്ഷം ഹർജി പിൻവലിക്കാൻ തീരുമാനിച്ചത്.

