കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തിൽ കൊലയാളിയായ കാറ്റുപോത്തിനെ വെടി വച്ച് കൊല്ലാൻ ഉത്തരവിറങ്ങി. എന്നാൽ മയക്കുവെടി വച്ച് പിടികൂടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ കൊല്ലാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു. കർഷകനായ കക്കയത്ത് പാലാട്ടിയില്‍ അബ്രഹാമിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, 50-ലക്ഷം നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതില്‍ പ്രധാന ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.
കൃഷിയിടത്തില്‍ നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

