പത്തനംതിട്ട : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ല പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് സ്ഥാനം രാജിവെച്ചു. ജില്ല യു.ഡി.എഫ്. ചെയര്‍മാന്‍ കൂടിയായ വിക്ടര്‍ ടി. തോമസ് ഈ സ്ഥാനത്തിൽ നിന്നും രാജിവെച്ചു. സെറിഫെഡ് മുന്‍ ചെയര്‍മാനാണ്. ജോസഫ് വിഭാഗം കടലാസ് സംഘടനയായി മാറിയെന്ന ആരോപണമുയര്‍ത്തിയാണ് വിക്ടര്‍ ടി. തോമസിന്റെ രാജി. അതെ സമയം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല.
‘പാര്‍ട്ടി നിലവിൽ നിര്‍ജീവമായിരിക്കുകയാണ്. സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. യു.ഡി.എഫിന് വേണ്ടി ജീവിക്കുന്ന രക്തസാക്ഷിയായ വ്യക്തിയാണ് ഞാൻ . സഹിക്കാന്‍ കഴിയാത്ത ജനാധിപത്യവിരുദ്ധ സംഘടനാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജി’ വിക്ടര്‍ ടി തോമസ് പറഞ്ഞു
കഴിഞ്ഞ 20 വര്‍ഷമായി യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായിരുന്നു. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2006ലും 2011ലും ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല. തുടർന്ന് കഴിഞ്ഞ തവണ തിരുവല്ല സീറ്റിനായി ആവശ്യമുന്നയിച്ചെങ്കിലും പാർട്ടി സീറ്റ് നൽകിയില്ല. കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

