തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മെറ്റില്ലെന്ന പേരിൽ കാറുടമയ്ക്ക് പിഴയടയ്ക്കാൻ നോട്ടീസയച്ച് കേരള പോലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശിയായ രജനീകാന്തിനാണ് അഞ്ഞൂറ് രൂപയുടെ ഫൈന്‍ അടയ്ക്കണമെന്ന് കാണിച്ച് കേരള പൊലീസിന്റെ നോട്ടീസ് ലഭിച്ചത്.
ഹെല്‍മെറ്റില്ലാതെ പിന്‍സീറ്റിലിരുത്തി കാര്‍ ഓടിച്ചെന്ന സന്ദേശം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചുവെന്നും തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമൂട് വച്ചാണ് നിയമലംഘനം നടത്തിയതെന്നുമാണ് നോട്ടീസിലുള്ളത്. നോട്ടീസില്‍ പറയുന്ന സമയത്ത് കാര്‍ അതുവഴി കടന്നുപോയിരുന്നുവെന്ന് ഉടമ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ കാറില്‍ ഹെല്‍മെറ്റ് വച്ചില്ലെന്ന കാരണത്താല്‍ ഫൈനടിച്ചെന്ന് കാണിച്ച് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടപ്പോള്‍ ഡിജിറ്റല്‍ നമ്പര്‍ മാറിപ്പോയതാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കാര്‍ ഉടമ പറഞ്ഞു.
പിന്നീട് പിഴ നല്‍കേണ്ടതില്ലെന്നും നോട്ടീസ് കീറികളയുവാൻ പോലീസ് നിര്‍ദ്ദേശം നല്‍കിയെന്നും കാറുടമ പറഞ്ഞു.

