ഇടതടവില്ലാതെ പെയ്ത മഴയില്‍ നിന്നും ഗോക്കളെയും ഗോപികമാരെയും സർവ്വ ജീവജാലങ്ങളെയും രക്ഷിക്കുവാന്‍ ഭഗവാൻ ശ്രീകൃഷ്ണൻ ചൂണ്ടു വിരലിൽ ഉയർത്തിയ ഗോവർദ്ധന പർവ്വതമുയർത്തിയ കഥ നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. ഏഴു ദിവസത്തോളം തുടര്‍ച്ചയായുണ്ടായ പേമാരിയില്‍ അതേപടി തന്നെ കൃഷ്ണന്‍ പര്‍വ്വതത്തെ ഉയര്‍ത്തിപ്പിടിച്ചു എന്നാണ് വിശ്വാസം… ഇന്ന് ആ ഗോവര്‍ധന പര്‍വ്വതം എങ്ങനെയിരിക്കുന്നു എന്നാലോചിച്ചിട്ടുണ്ടോ? മഥുരയിൽ നിന്ന് 22 കിലോമീറ്റർ അകലെ, മഥുരയ്ക്കും ഡീഗിനും ഇടയിലുള്ള റോഡ് കൂടിച്ചേരുന്നിടത്തെ പട്ടണമാണ് ഇന്നു കാണുവാന്‍ സാധിക്കുന്ന ഗോവര്‍ധന്‍.
പുരാണകഥയുടെ പശ്ചാത്തലം അതേപടി അന്വേഷിച്ച് പോയാല്‍ നിരാശയായിരിക്കും ഫലം. കാരണം ഒരിക്കലും നിങ്ങള്‍ക്കിവിടെ മനസ്സിലുള്ളതുപോലെ ഒരു കുന്ന് കണ്ടെത്തുവാന്‍ സാധിക്കില്ല. വിശ്വാസികൾ 80 അടി കുന്നിന് ചുറ്റും 21 കിലോമീറ്റർ പരിക്രമം (പ്രദക്ഷിണം) ചെയ്യാൻ ഗോവർദ്ധനിലെത്തുന്നത് അവരുടെ പാപങ്ങക്ക് പരിഹാരം ലഭിക്കുക എന്ന ഉദ്ദേശത്തിലാണ്. എന്നാല്‍ ഇവിടെ എവിടെ നോക്കിയാലും നിങ്ങള്‍ക്ക് ഒരു കുന്ന് കണ്ടെത്തുവാന്‍ സാധിക്കില്ല. എന്നാല്‍ ഇവിടെ ആരോടെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്ക് അത് കാണാം. മനസ്സില്‍ വിചാരിച്ചചുപോലെ ഭീമാകാരനായ ഒരു രൂപമായിരിക്കില്ല അതിനുണ്ടാവുക. ഇവിടുത്തെ നാടോടി ഐതിഹ്യമനുസരിച്ച്, ഒരു ശാപം നിമിത്തം, ഓരോ ദിവസവും വലിപ്പം കുറഞ്ഞുവരുന്ന ഒരു കുന്നാണത്രെ ഗോവര്‍ധന്‍. ഏകദേശം 8 കിലോമീറ്റർ നീളമുള്ള, തവിട്ടുനിറത്തിലുള്ള, തരിശായ കുന്നിന് ചുറ്റും മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ് ഇന്നു കാണുവാന്‍ സാധിക്കുന്ന ഗോവര്‍ധന കുന്ന്.

