Friday, January 2, 2026

മൈക്കിനെയും ആംപ്ലിഫയറിനെയും വെറുതെ വിട്ടു; സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ്, കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ വിവാദമായ സംഭവത്തിൽ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൊലീസ് തലയൂരുകയായിരുന്നു.

മൈക്ക് കേടായതിന് പിന്നാലെ കേസെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ മൈക്ക് ഉൾപ്പടെയുള്ള സാമഗ്രികൾ കസ്റ്റഡിയിൽ എടുത്തു. മനപൂർവ്വമാണ് മൈക്ക് കേടാക്കിയതെന്നാണ് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ വാദം. എന്നാൽ കേസെടുത്തെന്ന് അറിഞ്ഞപ്പോൾ ചിരിവന്നെന്നും മൈക്ക് തകരാറിലായത് മനഃപൂർവ്വമല്ലെന്നും ഓപ്പറേറ്റർ രഞ്ജിത്ത് പറഞ്ഞു.’കെ സുധാകരന്‍ പ്രസംഗിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോഴെക്കും മുഖ്യമന്ത്രി പ്രസംഗിക്കാനായി എത്തി. അപ്പോഴെക്കും ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും ഇടിച്ചുകയറി. ആ സമയത്ത് ഒരു ക്യാമറാമാന്റെ ബാഗ് കണ്‍സോളിലോട്ട് വീണു. അങ്ങനെ അതിന്റെ ശബ്ദം ഫുള്‍ ആയപ്പോഴാണ് ഹൗളിങ് സംഭവിച്ചത്. പത്തുസെക്കന്‍ഡില്‍ പ്രശ്‌നം പരിഹരിച്ചുവെന്നും രഞ്ജിത്ത് വ്യക്തമാക്കി.

Related Articles

Latest Articles