Friday, May 3, 2024
spot_img

എഴുന്നെള്ളിപ്പ് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു; പൂരം വെടിക്കെട്ട് പകൽവെളിച്ചത്തിൽ; ക്ഷേത്ര ചടങ്ങുകളും വൈകുന്നു; വ്യാപക പ്രതിഷേധം

തൃശ്ശൂർ: പോലീസിന്റെ നിയന്ത്രണങ്ങളിൽ ഉയർന്ന പ്രതിഷേധം പരിഹരിച്ച് പകൽ വെളിച്ചത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തി. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ട് നാലു മണിക്കൂർ വൈകി ഏഴ് മണിക്കാണ് തുടങ്ങിയത്. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി. പൂരത്തിന്റെ മുഖ്യ ആകർഷണമായിരുന്ന വെടിക്കെട്ട് വെറും ഒച്ചയും പുകയുമായി പകൽ വെളിച്ചത്തിൽ നടത്തിയത് എല്ലാ പൂരപ്രേമികളെയും നിരാശരാക്കി. പോലീസ് നടപടി കരുതി കൂട്ടിയാണെന്ന് വിശ്വാസികൾ കരുതുന്നു.

അതേസമയം, വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും. ചടങ്ങുകളുടെ ദൈർഘ്യം കുറച്ച് പൂരം നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തുകയാണെങ്കിൽ പൂരപ്രേമികൾക്കത് നിരാശയായിരിക്കും സമ്മാനിക്കുക. അല്ലെങ്കിൽ ഉപചാരം ചൊല്ലി പിരിയൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ വൈകുന്നതിന് കാരണമാകും.

രാത്രിപ്പൂരത്തിനിടയിലെ പോലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതോടെയാണ് വെടിക്കെട്ടുൾപ്പെടെയുള്ള പൂരം ചടങ്ങുകൾ വൈകിയത്. പിന്നീട് മന്ത്രി കെ.രാജനുമായി നടത്തിയ ചർച്ചയിൽ വെടിക്കെട്ടുനടത്താൻ ദേവസ്വം അധികൃതർ തയ്യാറാവുകയായിരുന്നു.

രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പോലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനമായതെന്നറിയുന്നു. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് പൂരത്തിനിടയിൽ ഇത്തരമൊരു സംഭവമുണ്ടാകുന്നത്.

Related Articles

Latest Articles