പത്തനംതിട്ട- ക്രിസ്തുമസ് ദിനത്തിൽ ശബരിമലയിൽ വൻ ഭകതജനതിരക്ക് എരുമേലിയിലും പൊൻകുന്നത്തും പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ പിടിച്ചിട്ടതോടെ തീർത്ഥാടകർ വലഞ്ഞു. കുടിവെള്ളവും ഭക്ഷണവും കിട്ടാതായതോടെ ഭക്തർ പ്രതിഷേധവുമായെത്തി റോഡ് ഉപരോധിച്ചു. പ്രതിഷേധം കനത്തതോടെ മണിക്കൂറുകൾക്ക് ശേഷമാണ് വാഹനങ്ങൾ പോലീസ് കടത്തിവിട്ടത്. കുടിവെള്ളംപോലും ലഭിക്കാതായതോടെയാണ് ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് മണിക്കൂറിൽ 4000 ഭക്തർ എന്ന കണക്കിലാണ് പതിനെട്ടാം പടിയിലേക്ക് ഭക്തരെ കയറ്റിവിടുന്നത്.
തീർത്ഥാടകരുടെ വാഹനം പമ്പയിലേക്ക് കടത്തിവിടാത്തതിനെതുടർന്നായിരുന്നു ഭക്തർ റോഡ് ഉപരോധിച്ചത്. കുഞ്ഞുങ്ങളടക്കം വെള്ളം ലഭിക്കാതെ വലഞ്ഞു. പലരും തളർന്നു വീഴുന്ന അവസ്ഥയിലായിരുന്നു. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രധാനമായും പ്രതിഷേധവുമായി എത്തിയത്. തീർത്ഥാടകർ റോഡിൽ കുത്തിയിരുന്നതോടെ എരുമേലി റാന്നി റോഡിൽ ഗതാഗതം തടസപ്പെട്ടു. എല്ലാ ഇടത്താവളത്തും വാഹനങ്ങൾ പിടിച്ചിടുന്നുണ്ട്.
തിരക്ക് കൈവിട്ടുപോയാൽ സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതമാകുമെന്നാണ് പോലീസ് പറയുന്നത്. ഇടത്താവളങ്ങളിൽ ഉൾക്കൊള്ളാവുന്നതിലുമപ്പുറം ഭക്തർ എത്തിയിട്ടുണ്ട്. മണിക്കൂറുകൾ കാത്തുനിന്നാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പാക്കറ്റിൽ എത്തിച്ച കുടിവെള്ളത്തിന് പോലും പിടിവലിയുണ്ടാകുന്ന സാഹചര്യമാണ് മിക്ക ഇടത്താവളങ്ങളിലുമുള്ളത്.

