Friday, May 3, 2024
spot_img

എന്‍ഐഎ വേട്ട ആരംഭിച്ചു; സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകർത്തും; ആര്‍ക്കൊക്കെ പണി കിട്ടുമെന്ന് ഉടന്‍ അറിയാം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ എന്‍ഐഎ ആരംഭിച്ചു. എന്‍ഐഎയ്ക്ക് നല്‍കുന്നതിനായി പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സെക്രട്ടറിയേറ്റിലെ 83 ക്യാമറകളിലേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 400 ടെറാബൈറ്റ് ശേഷിയുളള ഹാര്‍ഡ് ഡിസ്‌ക് വേണമെന്ന് ഐ ടി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച്‌ ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ 68 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. എന്നാൽ ടെന്‍ഡറിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി പകര്‍ത്തട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയത്. 2019 ജൂലായ് മുതല്‍ ഒരു വര്‍ഷത്തെ ദ്യശ്യങ്ങളാണ് എന്‍ഐഎ നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

അതേസമയം കഴിഞ്ഞമാസം സെക്രട്ടറിയേറ്റില്‍ എത്തിയ എന്‍ ഐ എ ടീം പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍ എന്നിവര്‍ എത്ര തവണ സെക്രട്ടറിയേറ്റിലെത്തി, മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഓഫീസും മന്ത്രിമാരുടെ ഓഫിസും സന്ദര്‍ശിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് സിസിടിവി പരിശോധന നടത്താന്‍ എന്‍ഐഎ തീരുമാനിച്ചത്.

Related Articles

Latest Articles