ശബരിമല: ഇക്കൊല്ലത്തെ നിറപുത്തരി മഹോത്സവത്തോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി. ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചു. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിലേക്ക് അഗ്നി പകർന്നു.

നാളെ (ഓഗസ്റ്റ് 3) ആണ് പ്രധാന ചടങ്ങായ നിറപുത്തരി ആഘോഷിക്കുന്നത്. പൂജകൾക്കായി നാളെ പുലർച്ചെ നാല് മണിക്ക് നട വീണ്ടും തുറക്കും. തുടർന്ന് രാവിലെ 5.30-ന് തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ പതിനെട്ടാം പടിയ്ക്ക് സമീപത്തുനിന്നും പുണ്യവസ്തുവായ നെൽകറ്റകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. രാവിലെ 5.40-നും 6.20-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് തന്ത്രിയുടെ കാർമ്മികത്വത്തിൽ സന്നിധാനത്ത് നിറപുത്തരി പൂജകൾ നടക്കുക.

