ബെംഗളൂരു: കർണ്ണാടകയിലെ അങ്കോലയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാഗമായി ഇപ്പോൾ റഡാർ എത്തിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് റഡാറെത്തിച്ചിരിക്കുന്നത്.
മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുക. റഡാറിന്റെ സഹായത്തോടെ ലോറി ട്രാക്ക് ചെയ്യാന്‍ സാധിച്ചാല്‍ അവിടം കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കും.
അതേസമയം, രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഉൾപ്പെടുത്തണമെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആവശ്യം. നിലവിലെ തെരച്ചിലിൽ തൃപ്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ് ലോറി ഇപ്പോഴുള്ളതെന്നാണ് വിവരം. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.

