അങ്കോല:കർണ്ണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. ഇന്ന് കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ച് അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരും. ഇന്ന് മുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തെരച്ചിൽ.
ഇന്നലെ നടത്തിയ തെരച്ചലിൽ വൈകീട്ടോടെ പുഴയക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കര ഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം പറഞ്ഞിരുന്നു. ഗംഗാവലി നദിക്കിടയിൽ നിന്ന് കിട്ടിയ സിഗ്നൽ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തെരച്ചിൽ.
പുഴയിൽ കരഭാഗത്ത് നിന്ന് 40 മീറ്റർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. സിഗ്നൽ ലഭിച്ച സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തെരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലാെക്കേറ്റർ 120 ഉം ഡീപ് സേർച്ച് മൈൻ ഡിറ്റക്ടറും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തെരച്ചിൽ നടത്തുക.
ഇന്നലെ നടത്തിയ തെരച്ചിലിന് അവസാനമാണ് അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിൽ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചത്. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്.

