കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ (52) പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും ആണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നത്. അപകടത്തിൽ അതിഗുരുതര പരിക്കുകളാണ് ബിന്ദുവിനുണ്ടായത്. ബിന്ദുവിന്റെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നിരുന്നു.വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരൾ ഉൾപ്പെടെ ആന്തരിക അവയങ്ങൾക്ക് ഗുരുതരക്ഷതം സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11, 14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടമാണ് ഇന്നലെ ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിടാവശിഷ്ടങ്ങളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. എന്നാൽ അമ്മയെ കാണാനില്ലെന്ന് മകള്‍ നവമി പരാതി ഉന്നയിച്ചതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ന്യൂറോസര്‍ജറിക്കു വേണ്ടിയാണ് ബിന്ദുവിന്റെമകൾ നവമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രാവിലെ കുളിക്കുന്നതിന് വേണ്ടിയാണ് പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്ക് ബിന്ദു എത്തിയതെന്നാണ് വിവരം.

