Tuesday, May 21, 2024
spot_img

ജനരോഷം താങ്ങാനാവുന്നതിലും അപ്പുറം ! വൈദ്യുതി സബ്‌സിഡി നിർത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞ് സംസ്ഥാനസർക്കാർ ; മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡി തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ സബ്‌സിഡിയും ഒഴിവാക്കിയത് പുറത്തുവന്നതിന് പിന്നാലെയുണ്ടായ ജനരോഷത്തെ തുടർന്ന് തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയുന്നു. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡി തുടരുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. സബ്‌സിഡി തുടരുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് അറിയിച്ചത്.

മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് കൊടുത്തിരുന്ന സബ്‌സിഡിയാണ് നേരത്തെ പിൻവലിച്ചത്. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 85 പെെസയായിരുന്നു ശരാശരി സബ്‌സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പെെസാ സബ്‌സിഡിയും പിന്നീടുള്ള 41മുതൽ 120 യൂണിറ്റ് വരെ 50 പെെസ എന്ന നിരക്കിലുമായിരുന്നു സബ്‌സിഡി. മാസം കുറഞ്ഞത് 100യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ശരാശരി 44 രൂപയോളം കിട്ടിയ സബ്‌സിഡി ഇല്ലാതാക്കിയതോടെ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ട സ്ഥിതി വരും. 10 വർഷത്തോളമായി നൽകിവന്ന സബ്‌സിഡിയാണ് എടുത്തുകളഞ്ഞത്. നിരക്ക് വര്‍ധനവിനൊപ്പം സബ്‌സിഡിയും ഇല്ലാതായതോടെ വിമര്‍ശനം ശക്തമായി. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലുമായി. ഇതിന് പിന്നാലെയാണ് സബ്‌സിഡി തുടരുമെന്ന ഉറപ്പുമായി വൈദ്യുതി മന്ത്രി രംഗത്തെത്തിയത്.

ഇപ്പോൾ സബ്‌സിഡി പിന്‍വലിക്കാന്‍ ഉത്തരവില്ലെന്ന് ന്യായീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ വൈദ്യുതി തീരുവ കെഎസ്ഇബിയില്‍ നിന്ന് പിരിയ്ക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി കഴിഞ്ഞു. അതിനാല്‍ ജനങ്ങള്‍ക്കുള്ള സബ്‌സിഡി നിലയ്ക്കുന്ന സാഹചര്യം വൈദ്യുതി മന്ത്രി കഴിഞ്ഞ ദിവസം തന്നെ സമ്മതിച്ചിരുന്നു.അതേസമയം സബ്‌സിഡി ഒഴിവാക്കാന്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് ന്യായം പറയുന്ന സര്‍ക്കാര്‍ സബ്‌സിഡി തുടരാന്‍ എങ്ങനെ പണം കണ്ടെത്തുമെന്നതിൽ വ്യക്തതയില്ല.

Related Articles

Latest Articles