Monday, May 20, 2024
spot_img

നൂറ്റാണ്ടുകളുടെ പോരാട്ടം; ശ്രീരാമ ജന്മഭൂമിയിൽ ശിലാസ്ഥാപനം നടന്നിട്ട് മൂന്നു വർഷങ്ങൾ..!!

ഇന്ന് ആഗസ്റ്റ് 05. 2020 ആഗസ്റ്റ് 05 ന് രാജ്യത്തിന്റെ കണ്ണും മനസ്സും കേന്ദ്രീകരിച്ചിരുന്നത് അയോദ്ധ്യ എന്ന പുണ്യ നഗരിയിലേക്കായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യ ശ്രീരാമ ജന്മഭൂമിയിലെ ഭവ്യമന്ദിരത്തിന് തറക്കല്ലിട്ട നിമിഷങ്ങൾ! രാഷ്ട്രം അതിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കുന്ന കാഴ്ച ലോകം ആദരവോടെയാണ് നോക്കിക്കണ്ടത്. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടം, പതിനായിരങ്ങളുടെ ബലിദാനം, സങ്കീർണ്ണമായ കോടതി വ്യവഹാരങ്ങൾ ഇതൊക്കെ വേണ്ടിവന്നു ഭാരതത്തിനു അതിന്റെ മേൽ വന്നുവീണ അധിനിവേശത്തിന്റെ മുറിപ്പാടുകൾ കഴുകിക്കളയാൻ. ഹിന്ദു ചക്രവർത്തിയായ ചിത്തോറിലെ റാണാ പ്രതാപ് സിംഗിനെ പരാജയപ്പെടുത്താൻ വലിയ പടയൊരുക്കി വന്ന മുഗൾ ആക്രമണകാരിക്ക് ആദ്യമായി തോൽവി രുചിക്കേണ്ടി വന്നത് അയോദ്ധ്യയിലായിരുന്നു. മുറിവേറ്റ ബാബറിന്റെ പകരം വീട്ടലായിരുന്നു ഭാരതത്തിന്റെ അഭിമാന സ്തംഭമായിരുന്ന രാമജന്മഭൂമിയിലെ ക്ഷേത്രം തകർത്തത്. ശ്രീകോവിലിനുള്ളിൽ പൂജ ചെയ്യുകയായിരുന്ന നാല് പൂജാരിമാരുടെ തലയറുത്ത് വെളിയിൽ പ്രദർശിപ്പിച്ച ശേഷം, ബാബറുടെ സേനാ നായകനായ മിർബാ ഫക്കി ഖാൻ മഹാ ക്ഷേത്രത്തിന്റെ താഴിക ക്കുടങ്ങൾ തകർക്കുന്നത് എ ഡി 1528 ലാണ്. അന്നുമുതൽ തന്നെ ഹിന്ദു, അയോദ്ധ്യക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചു. അത് അവസാനിച്ചതാകട്ടെ 2019 ൽ! ഹിന്ദു അവന്റെ സ്വത്വത്തിനായി പോരാടിയത് നീണ്ട 491 വർഷങ്ങളാണ്. ഏകദേശം അഞ്ചു നൂറ്റാണ്ടുകളാണ്. പോരാട്ട വീര്യത്തിന്റെ അഗ്നി, ഹിന്ദു അണയാതെ കാത്തു സൂക്ഷിച്ചത് തലമുറകളോളം! ആ അർത്ഥത്തിൽ അയോദ്ധ്യ ലോകത്തിൽ തന്നെ സമാനതകളില്ലാത്ത പോരാട്ടമാണ്.

അയോദ്ധ്യക്കുവേണ്ടി ആദ്യ പോലീസ് കേസ് വരുന്നത് 1858 ലാണ്. കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് 1885 ൽ! സ്വതന്ത്ര ഭാരതത്തിൽ പോരാട്ടം ശക്തമായത് 1989 ലാണ്. 1990 ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്നാരംഭിച്ച രഥയാത്ര അവസാനിച്ചപ്പോഴേക്കും അയോദ്ധ്യയിൽ ഉയർന്നു നിന്നിരുന്ന അധിനിവേശ സ്മാരകം മണ്ണടിഞ്ഞിരുന്നു. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങളിൽ ഹിന്ദു അണി നിരത്തിയത് തള്ളിക്കളയാൻ കഴിയാത്ത തെളിവുകളായിരുന്നു. കേസുകളുടെ ആദ്യ ഘട്ടങ്ങളിൽ തന്നെ ഹിന്ദുവിനുണ്ടായിരുന്ന മുൻ‌തൂക്കത്തെ ഭരണകൂടവും കമ്മ്യൂണിസ്റ്റുകളും ചേർന്ന് അടിച്ചമർത്തിയത് മതേതരത്വവും ന്യുനപക്ഷ പരിഗണനയും കാട്ടിയായിരുന്നു. രേഖാപരമായ തെളിവുകൾ, ചരിത്ര രേഖകൾ ആധുനിക ഖനന പരിശോധനാ റിപ്പോർട്ടുകൾ, ഫോറെൻസിക് പരിശോധനകൾ എല്ലാം തുറന്നുകാട്ടിയ സത്യം ഒന്ന് മാത്രമായിരുന്നു. പ്രാചീന ക്ഷേത്രം തകർത്തു തന്നെയാണ് തർക്ക മന്ദിരം നിർമിച്ചിരിക്കുന്നത്!

ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുവിന് അനുകൂലമായി കോടതി വിധി വന്നെങ്കിലും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായി ഭരണകൂടം വിധിയെ അട്ടിമറിച്ചു. ശ്രീരാമ ജന്മഭൂമിയെ മൂന്നായി വിഭജിച്ച് രാം ലലക്കും, സുന്നി വഖഫ് ബോർഡിനും, നിർമോഹി അഖാടയ്ക്കുമായി നൽകാനായിരുന്നു 2010 ൽ അലഹബാദ് ഹൈക്കോടതി വിധിച്ചത്. തർക്ക മന്ദിരം നിലനിന്ന സ്ഥലം ഹിന്ദുക്കൾക്ക് തന്നെ. എന്നാൽ 2019 ലെ സുപ്രീംകോടതി വിധി, തെളിവുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരുന്നു. തർക്ക സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലം തന്നെയെന്ന് കോടതി വിധിച്ചു. രാമജന്മഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാനും അയോദ്ധ്യയിൽ മറ്റൊരിടത്ത് മസ്ജിദ് നിർമിക്കാൻ 5 ഏക്കർ സ്ഥലം അനുവദിക്കാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. 2020 ആഗസ്റ്റ് 05 ന് കാലം ഏൽപ്പിച്ച നിയോഗം കണക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിനു തറക്കല്ലിട്ടു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര എന്ന ട്രസ്റ്റിനാണ് നിർമ്മാണ ചുമതല. 18000 കോടി രൂപയുടെ പദ്ധതിക്ക് ഇതിനോടകം അതിലേറെ തുക ലോകമെമ്പാടുമുള്ള രാമ ഭക്തർ നൽകിക്കഴിഞ്ഞു. ക്ഷേത്രം ആദ്യഘട്ട നിർമ്മാണത്തിന്റെ അവസാനത്തോടെടുക്കുന്നു. രാമൻ മിത്താണെന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകൾക്ക് മുന്നിൽ അസ്തിത്വം തെളിയിച്ച് തകർക്കപ്പെട്ട താഴികക്കുടങ്ങൾ ഉയർന്നു പൊങ്ങുകയാണ്. അപ്പോഴാണ് ഗണപതി മിത്താണെന്ന പുതിയ വാദം എന്നത് ഏറെ രസകരമാകുന്നു.

Related Articles

Latest Articles