Wednesday, May 15, 2024
spot_img

10722 കോടി കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താനായില്ല ! കേരളം പറയുന്ന കണക്കുകളിൽ പൊരുത്തക്കേട്‌ ! കടമെടുപ്പ് കേസിലെ വിധിപകർപ്പിൽ സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശവുമായി സുപ്രീം കോടതി; ഭരണഘടനാ ബഞ്ചിൻറെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും!

കടമെടുപ്പ് പരിധിയിലെ കേന്ദ്രമാനദണ്ഡങ്ങളെ ചോദ്യംചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുള്ള സുപ്രീംകോടതി വിധി പകർപ്പിൽ സംസ്ഥാന സർക്കാരിനെതിരെയുള്ളത് രൂക്ഷ വിമർശനം.അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താൻ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി വിധി പകര്‍പ്പിൽ വ്യക്തമായി പറയുന്നു. 10,722 കോടിരൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്ന് വ്യക്തമാക്കുന്ന കോടതി കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും 2017–20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവച്ച സുപ്രീംകോടതി കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭരണഘടനാ ബഞ്ചിൻറെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും.

കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ച സുപ്രീം കോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.

സംസ്ഥാനങ്ങളുടെ വായ്പ പരിധിയിൽ അനാവശ്യ കൈകടത്തലിന് കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി.

കൂടുതൽ കടമെടുക്കാനുള്ള ഇടക്കാല ഉത്തരവും കേരളം തേടിയിരുന്നു. എന്നാൽ കോടതി ഇടപെടൽ വഴി കൂടുതൽ സഹായം കേരളത്തിന് ഇതിനകം കിട്ടിയെന്ന് രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി. 13600 കോടി രൂപ കേരളത്തിന് കേന്ദ്രം നൽകാൻ തയ്യാറായി. 5000 കോടി കൂടി നൽകാം എന്ന വാഗ്ദാനവും കിട്ടി. ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വർഷം നൽകുന്ന അധിക തുക അടുത്ത വർഷം വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടെന്ന കേന്ദ്ര വാദവും കോടതി അംഗീകരിച്ചു.

Related Articles

Latest Articles