Friday, May 17, 2024
spot_img

രണ്ടുവിരൽ പരിശോധന നടത്തുന്നതിലൂടെ പീഡനത്തിന് ഇരയായ സ്ത്രീകളെ വീണ്ടും സമാന കൃത്യത്തിന് ഇരയാക്കുന്നു: ഈ പരിശോധന അന്തസ്സിനെ ഹനിക്കും; പീഡനത്തിന് ഇരയായവരിൽ രണ്ടുവിരൽ പരിശോധന നടത്തരുതെന്ന് സുപ്രീംകോടതി

ദില്ലി: പീഡനത്തിന് ഇരയായവരിൽ രണ്ടുവിരൽ പരിശോധന നടത്തുന്നത് വിലക്കി സുപ്രീംകോടതി. പരിശോധന മറ്റൊരു ലൈംഗികാതിക്രമമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഇത്തരം പരിശോധനകൾ നടത്തരുതെന്ന് കർശനമായ നിർദ്ദേശം നൽകണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പീഡനത്തിന് ഇരയായ സ്ത്രീയുടെ ലൈംഗികാവയവത്തിലേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്ന രീതിയാണ് രണ്ടുവിരൽ പരിശോധന.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് ഇത്തരത്തിലെ സുപ്രധാന വിധി പ്രഖ്യാപിച്ചത്. ബലാത്സംഗകേസ് പരിഗണിക്കുന്നതിനിടെയായിരുന്നു രണ്ടുവിരൽ പരിശോധന നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരം പരിശോധനകൾ നടത്തുന്നവർക്കെതിരെ കേസ് എടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ടുവിരൽ പരിശോധന നടത്തുന്നതിലൂടെ പീഡനത്തിന് ഇരയായ സ്ത്രീകളെ വീണ്ടും സമാന കൃത്യത്തിന് ഇരയാക്കുകയാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഇത്തരം പരിശോധനകൾക്ക് ശാസ്ത്രീയ അടിത്തറയില്ല. ഇത് വ്യക്തിയുടെ അന്തസിനെ ഹനിക്കുന്നതാണ്. ഇത് ഇരയിൽ ശാരീരികവും മാനസികവുമായ അസ്വസ്ഥതയും ഉണ്ടാക്കും.

നേരത്തെയും രണ്ടുവിരൽ പരിശോധന നടത്തരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും കർശന നിർദ്ദേശവുമായി സുപ്രീംകോടതി രംഗത്ത് എത്തിയത്.

Previous article
Next article

Related Articles

Latest Articles