ചെന്നൈ : സാമ്പത്തിക സംവരണ വിധിയെ എതിർത്ത് തമിഴ്നാട് സർക്കാർരംഗത്തെത്തി. പുനഃപരിശോധനാ ഹർജി നൽകുമെന്ന് വ്യക്തമാക്കി. ഡിഎംകെ സഖ്യത്തിലെ ഓരോ ഘടകകക്ഷിയും പ്രത്യേകം ഹർജി നൽകും. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് കാലത്തെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനം പിന്നാക്ക സംവരണം ആയിരുന്നു.പുനപരിശോധനാ ഹർജി നൽകാനുള്ള പ്രമേയം പാർലമെന്‍ററി പാർട്ടി പ്രതിനിധികളുടെ യോഗം പാസാക്കി. ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രമായ തന്‍റെ സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് നിയമസഭാ കക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ഭരണഘടനാ ശിൽപ്പികളുടേയും രാഷ്ട്രശിൽപ്പികളുടേയും ആശയത്തിന് എതിരാണ് സാമ്പത്തിക സംവരണം. അടിസ്ഥാന ജനങ്ങളുടെ മുന്നേറ്റത്തിൽ നിയമങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്നും സ്റ്റാലിൻ പറഞ്ഞു. എട്ട് ലക്ഷം വാർഷിക വരുമാനമുള്ളവർ എങ്ങനെ പാവപ്പെട്ടവരാകും എന്ന് അദ്ദേഹം ചോദിച്ചു. അതേസമയം സാമ്പത്തിക സംവരണ വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത പാർലമെന്‍ററി പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിന്ന് ബിജെപിയും എഐഎഡിഎംകെയും വിട്ടുനിന്നു.

