Sunday, May 19, 2024
spot_img

നവകേരളാ ബസിന്റെ കഷ്ടകാലമൊഴിയുന്നില്ല !ശുചിമുറിയുടെ ഫ്ലഷ് ബട്ടൺ ഇളക്കി മാറ്റിയ നിലയിൽ ; ഇന്നത്തെ സർവീസ് ആരംഭിച്ചത് ശുചിമുറി സൗകര്യമില്ലാതെ

കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച നവകേരള ബസിന്റെ ശുചിമുറി നശിപ്പിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസത്തെ യാത്രയ്ക്കിടെ നവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ലഷിന്റെ ബട്ടൺ ആരോ ഇളക്കിമാറ്റുകയായിരുന്നു. ഇതോടെ ഇന്നു രാവിലെ ബസ് ശുചിമുറി സൗകര്യമില്ലാതെയാണ് ബസ് പുറപ്പെട്ടത്. ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

രാവിലെ നാലിനാണ് ബസ് കോഴിക്കോട്ടുനിന്നു യാത്ര ആരംഭിക്കുന്നത്. അതിനാൽ തന്നെ യാത്രക്കാർക്ക് വെളുപ്പിന് മൂന്നുമണിക്ക് തന്നെ തയാറെടുക്കേണ്ടി വരും. പതിനൊന്നരയോടെയാണു ബസ് ബെംഗളൂരുവിൽ എത്തേണ്ടതെങ്കിലും വിവിധയിടങ്ങളിലെ ഗതാഗത കുരുക്കുകളിൽ പെട്ട് ഈ സമയത്ത് എത്താനാകില്ല. ചുരുക്കത്തിൽ ഉച്ചയോടെയേ ബസിന് ബെംഗളൂരുവിൽ എത്താനാകൂ.

ഉച്ചയ്ക്കു രണ്ടരയ്ക്കാണു മടക്കയാത്ര. രാത്രി പത്തിനാണു കോഴിക്കോട് എത്തേണ്ടത്. വൈകിട്ടത്തെ ഗതാഗതക്കുരുക്ക് താണ്ടി എത്തുമ്പോഴേക്കും 12 മണി കഴിയും. ഈ സമയത്തു കോഴിക്കോടെത്തിയാൽ പലർക്കും വീടുകളിലേക്കു പോകാനും വണ്ടി കിട്ടില്ല. സമയക്രമത്തിൽ മാറ്റം വരുത്തിയാൽ യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നാണു യാത്രക്കാർ പറയുന്നത്. നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ഒറ്റ ബസ് മാത്രമാണു ഗരുഡ പ്രീമിയം ബസ് ആയി സർവീസ് നടത്തുന്നത്. അതുകൊണ്ട് രാത്രിയിൽ മാത്രമായി സർവീസ് നടത്താൻ സാധിക്കില്ല. രാത്രി സർവീസ് നടത്തണമെങ്കിൽ 2 ബസ് വേണ്ടി വരും. അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിലേ സർവീസ് സാധ്യമാകൂ.

കോഴിക്കോട്ടുനിന്നും കൽപറ്റയിൽനിന്നും ഒരേ ചാർജ് എന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. 700 രൂപയ്ക്കു കൽപറ്റയിൽ നിന്നും എസി ബസിൽ ബെംഗളൂരുവിൽ എത്താമെന്നിരിക്കെ 1240 രൂപ മുടക്കുന്നത് യാത്രക്കാർക്ക് നഷ്ടമാണ്. അതിനാൽ ടിക്കറ്റ്, സ്റ്റേജ് അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. സീറ്റുകൾക്ക് മൾട്ടി ആക്സിൽ ബസുകൾക്കുള്ളത്ര വലുപ്പവും ഇല്ല. കോഴിക്കോട്ടുനിന്നു ബസ് ബെംഗളൂരുവിൽ പോയി തിരിച്ചു വരുമ്പോഴേക്കും 35,000 രൂപയോളമാണു ചെലവ് വരുന്നത്.

Related Articles

Latest Articles