Tuesday, December 23, 2025

ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാൻ; പ്രധാനമന്ത്രി പ്രഖ്യാപിച്ച 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 100 ലക്ഷം കോടിയുടെ ‘പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ’ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് പ്ലാൻ അംഗീകരിച്ച കാര്യം അറിയിച്ചത്. നരേന്ദ്രമോദി ഒക്ടോബർ 13ന് ആണ് പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്.

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനും മൾട്ടി മോഡൽ കണക്റ്റിവിറ്റി വിപുലമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കൂടാതെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലുള്ള തടസ്സങ്ങൾ അവസാനിപ്പിക്കാനും വിവിധ മന്ത്രാലയങ്ങൾക്കിടയിലെ കാലതാമസം ഒഴിവാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

100 ലക്ഷം കോടി രൂപയുടെ ഗതി ശക്തി പദ്ധതി ഇൻഫ്രാ കണക്ടിവിറ്റി പദ്ധതികളുടെ സംയോജിത ആസൂത്രണത്തിനും ഏകോപിതമായ നടപ്പാക്കലിനുമായി 16 കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിലവിലുള്ളതും ആസൂത്രിതവുമായ എല്ലാ അടിസ്ഥാന സൗകര്യ സംരംഭങ്ങളും ഉൾക്കൊള്ളുന്ന ഒരു കേന്ദ്രീകൃത പോർട്ടൽ വിഭാവനം ചെയ്യുന്നു.

നിലവിൽ ഗതി ശക്തി മാസ്റ്റർ പ്ലാൻ പ്രകാരം 16 നിർണായക മന്ത്രാലയങ്ങൾ ഈ സംരംഭത്തിന്റെ ഭാഗമാകും. റെയിൽവേ, റോഡുകൾ, ഹൈവേകൾ, പെട്രോളിയം ,ഗ്യാസ്, ടെലികോം, വൈദ്യുതി, കപ്പൽ, വ്യോമയാനം എന്നീ മേഖലകൾ ഗതിശക്തിയുടെ പരിധിയിൽ കൊണ്ടുവരും.

75 -ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്ത് 15ന് ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ആദ്യം പ്രഖ്യാപിച്ചത്

Related Articles

Latest Articles