Sunday, May 19, 2024
spot_img

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധിപറയുന്നത് വരുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. പ്രണയാഭ്യ‍ർഥന നിരസിച്ചതിനു തുടർന്നുള്ള വൈരാഗ്യത്തിൽ ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അ‍ഡീഷണൽ ജില്ലാ കോടതി ജഡ്ജി മുൻപാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളാണുള്ളത്.

2022 ഒക്ടോബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയതിനാൽ വിഷ്ണുപ്രിയ വീട്ടിൽ തനിച്ചായിരുന്നു. മരണവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്.

പിടിയിലായപ്പോഴും യാതൊരു കുറ്റബോധവുമില്ലാതെയുള്ള പ്രതി ശ്യാംജിത്ത് പ്രതികരണം അന്വേഷണ ഉദ്യോഗസ്ഥർമാരെ പോലും ഞെട്ടിച്ചിരുന്നു. തനിക്ക് 25 വയസായതേ ഉള്ളൂ, 14 വര്‍ഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്, 39 വയസാകുമ്പോള്‍ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു അന്ന് ശ്യാംജിത്തിന്‍റെ പ്രതികരണം.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയ്യുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല.

സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനൊപ്പം വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.

പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. പ്രതിയായ ശ്യാംജിത്തിന് ജാമ്യവും കിട്ടിയിരുന്നില്ല. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷൻ മൂന്ന് ഫോറൻസിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉൾപ്പെടുത്തി. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു.

Related Articles

Latest Articles