തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒ മറുപടിയില്‍ നിന്നു വ്യക്തമായതായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി. വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. നിയമപരവും ധാര്‍മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് വനിതാ കമ്മിഷന്‍ നല്‍കുമെന്നും പെൺകുട്ടിയെ സന്ദർശിക്കുമെന്നും അദ്ധ്യക്ഷ വ്യക്തമാക്കി.
“ഭര്‍ത്തൃഗൃഹത്തില്‍ ഗുരുതരമായ പീഡനത്തിന് പെണ്‍കുട്ടി ഇരയായിട്ടുണ്ടെന്ന് കമ്മിഷനു ലഭിച്ച പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴുള്ള എസ്എച്ച്ഒയുടെ സമീപനം സംബന്ധിച്ചും പരാതിയിലുണ്ട്. ലഭിച്ച പരാതി ചൊവ്വാഴ്ച തന്നെ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്തു.
അന്നുതന്നെ എസ്എച്ച്ഒയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഗുരുതര പരാതി നല്‍കിയ പെണ്‍കുട്ടിയോട് ഭര്‍ത്താവുമായി ഒത്തുപോകണം എന്ന് പോലീസ് നിര്‍ദേശിച്ചതായി ആരോപണമുണ്ട്. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തേണ്ടിയിരുന്നു. ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണ്. ഈ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍നിന്നു മാറ്റിയതായി മനസിലാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളത്. കുറ്റമറ്റതും ചിട്ടയായ രീതിയിലുമുള്ള അന്വേഷണം നടക്കണം.
വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് ഈ തരത്തില്‍ പീഡനം ഏല്‍ക്കേണ്ടി വരുന്നു എന്നുള്ളത് കേരളീയ സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. കെട്ടുകണക്കിന് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു വേണം പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കാന്‍ എന്ന ധാരണ സമൂഹത്തില്‍ ഉണ്ടാകുന്നത് വളരെ അപമാനകരമാണ്. ഇടത്തരം കുടുംബങ്ങളിലാണ് ഇത്തരത്തില്‍ ഭാരിച്ച സ്വര്‍ണവും പണവും നല്‍കി വിവാഹങ്ങള്‍ നടക്കുന്നത്. സ്വര്‍ണവും പണവുമൊക്കെ കൊടുത്ത് വിവാഹം നടത്തിയ ശേഷം അടുക്കള കാണല്‍ ചടങ്ങിന്റെ ഭാഗമായി ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുപോയി കൊടുക്കുന്ന സ്ഥിതിയുണ്ട്. ഇതൊക്കെ കേരളീയ സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം
സ്ത്രീധന സമ്പ്രദായത്തിന് എതിരായി 1961-ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നെങ്കിലും പാരിതോഷികമെന്ന പേരില്‍ സ്ത്രീധനം ഇപ്പോഴും നല്‍കുന്നുണ്ട്. സ്ത്രീധനം എന്ന പേരില്‍ അല്ല, രക്ഷിതാവിന്റെ സ്‌നേഹവാത്സല്യമായി സമ്മാനമായാണ് പാരിതോഷികം നല്‍കുന്നത്. പാരിതോഷികങ്ങള്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. നിയമം ഇതു വിവക്ഷിക്കുന്നുണ്ട്. ഇതുമൂലമാണ് നിയമം ദുര്‍ബലമായി പോകുന്നത്. ഈ സാഹചര്യത്തില്‍ നിയമത്തില്‍ തന്നെ ആവശ്യമായ ഭേദഗതി വരുത്തണം. കേന്ദ്ര സര്‍ക്കാരാണ് ഭേദഗതി നടപടി എടുക്കേണ്ടത്. ആവശ്യമായ ചട്ടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.” – അഡ്വ. പി.സതീദേവി പറഞ്ഞു.

