Sunday, May 19, 2024
spot_img

മോസ്‌കോ ഭീകരാക്രമണത്തിൽ നടുങ്ങി ലോകം !റഷ്യ എങ്ങനെ ഐഎസ് ഖോറാസാന്റെ ശത്രുക്കളായി മാറി ?

മോസ്‌കോയിൽ കഴിഞ്ഞ രാത്രി അരങ്ങേറിയ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് ലോകം. മോസ്കോയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്രോക്കസ് സിറ്റി ഹാളിൽ നടന്ന സംഗീത പരിപാടിക്കിടെ ഇരച്ചെത്തിയ മുഖംമൂടിധാരികൾ സംഗീത ആസ്വാദകർക്കെതിരെ തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു. പിന്നാലെ നിരവധി സ്ഫോടനങ്ങളും നടന്നു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ വിഭാഗമായ ഐഎസ് ഖോറാസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉപവിഭാഗമായ ഭീകര സംഘടനയാണ് ഐഎസ് ഖോറാസാൻ. കിഴക്കൻ അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് 2014ലാണ് ഇവർ പ്രവർത്തനമാരംഭിക്കുന്നത്. അഫ്ഗാനിസ്ഥാൻ, ഇറാൻ തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് ഇവരുടെ സാന്നിധ്യമുള്ളത്. 2018ഓടെ ശക്തി ക്ഷയിച്ചിരുന്ന ഇവർ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ ഭരണം തിരിച്ചുവന്നതും, മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യം പിൻമാറിയതും മുതലെടുത്ത് വീണ്ടും ഉയർന്നു വന്നു.

അഫ്ഗാനിലെ മുസ്ലിം പള്ളികൾ ലക്ഷ്യമിട്ട് മാത്രം ഈ സംഘടന ഒട്ടേറെ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കാബൂളിലെ റഷ്യൻ എംബസിക്ക് നേരെയുള്ള ആക്രമണത്തിനും അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിനും പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഖോറാസാനായിരുന്നു. കാബൂൾ വിമാനത്താവള ആക്രമണത്തിൽ അമേരിക്കൻ സൈനികർ ഉൾപ്പെടെ അനേകം പേർ കൊല്ലപ്പെട്ടിരുന്നു. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ കെൽപ്പുള്ള അപ്രതീക്ഷിത ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ വിദഗ്ധരാണ്.

പശ്ചിമേഷ്യയിൽ നടത്തിയ നിർണായക സൈനിക നീക്കങ്ങളും സിറിയൻ മണ്ണിൽ നിന്ന് ഐഎസ് ഭീകരരെ തുരത്തിയോടിച്ചതിൽ സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിന് പൂർണ പിന്തുണ നൽകിയതുമാണ് ഐഎസ് ഖോറാസാൻ റഷ്യക്കെതിരെ തിരിയാൻ കാരണമായത് എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

സിറിയയിലെ ഐഎസ് ഭീകരരെ ഉന്മൂലനം ചെയ്യാൻ പുടിൻ റഷ്യൻ സൈന്യത്തെ അയച്ചിരുന്നു. റഷ്യൻ സൈന്യം ഇറങ്ങിയതിനെ തുടർന്നാണ് ഐഎസ് ഭീകരർ സിറിയയിൽ കനത്ത തിരിച്ചടി നേരിട്ടത്. ഭീകരരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പല പ്രവിശ്യകളും ബാഷർ അൽ അസാദ് ഭരണകൂടം തിരിച്ചു പിടിച്ചത് റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു. യുക്രയ്‌നുമായുള്ള യുദ്ധത്തിനിടെ മോസ്കോയിലെ ഐഎസ് ആക്രമണം പുടിന് കൂടുതൽ തലവേദന സൃഷ്ടിക്കുകയാണ്. റഷ്യയുടെ പ്രത്യാക്രമണം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ലോകം.

Related Articles

Latest Articles