2016 ജൂലെെ മാസത്തിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ റഷ്യൻ നിർമ്മിത എ.എന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ ചെന്നൈ തീരത്ത് നിന്നും 310 കിലോമീറ്റർ അകലെ കണ്ടെത്തിയിരിക്കുന്നത്. ആറ് ക്രൂ അംഗങ്ങളടക്കം 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.ഇതിൽ 2 മലയാളികളുമുണ്ടായിരുന്നു.
2016 ജൂലെെ 22ന് രാവിലെ 8.30 നാണ് വിമാനം ചെന്നൈ താംബരം എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും ടേക്ക് ഓഫ് ചെയ്തത്. തുടർന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ വച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും റഡാറിൽ നിന്നും വിമാനം അപ്രത്യക്ഷമാവുകയുമായിരുന്നു. 11.30 ന് പോർട്ട്ബ്ലയറിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു വിമാനം. തുടർന്ന് രാജ്യം അന്നോളം കണ്ടതിൽ വച്ച് ഏറ്റവും വലിയ രക്ഷാദൗത്യം സേനാവിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്നുവെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ഒടുവിൽ അതേവർഷം സെപ്റ്റംബർ 15-ന് വിമാനത്തിലെ 29 പേർ മരിച്ചുവെന്ന് കരുതുന്നുവെന്ന് വ്യോമസേന കുടുംബാംഗങ്ങളെ അറിയിച്ചു.

