Friday, January 9, 2026

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് യുവതലമുറ ! രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നു; ‘വീർ ബാൽ ദിവസിൽ’ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച ‘വീർ ബാൽ ദിവസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് ഇന്നത്തെ യുവതലമുറയാണെന്നും ജെൻ സി, ജെൻ ആൽഫ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളുടെ കഴിവിലും ആത്മവിശ്വാസത്തിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹത്വം അളക്കുന്നത് പ്രായം കൊണ്ടല്ല, മറിച്ച് പ്രവൃത്തികളും നേട്ടങ്ങളും കൊണ്ടാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. വിവേകപൂർണ്ണമായ കാര്യങ്ങൾ ഒരു കുട്ടി പറഞ്ഞാൽ പോലും അത് അംഗീകരിക്കപ്പെടണം. യുവാക്കൾക്ക് മറ്റുള്ളവർക്ക് പ്രചോദനമേകുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും പലരും അത് ഇതിനോടകം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നേട്ടങ്ങളെ ഒരു തുടക്കമായി മാത്രം കാണണമെന്നും ആകാശത്തോളം ഉയരമുള്ള സ്വപ്നങ്ങൾ കീഴടക്കാൻ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം യുവാക്കളെ ഉദ്ബോധിപ്പിച്ചു.

മുൻകാലങ്ങളിൽ നിലനിന്നിരുന്ന നിരാശാജനകമായ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വപ്നം കാണാൻ ഭയപ്പെട്ടിരുന്ന ഒരു കാലം കഴിഞ്ഞുപോയി. ഇന്ന് രാജ്യം കഴിവുള്ളവരെ തേടിപ്പിടിക്കുകയും അവർക്ക് ശരിയായ പ്ലാറ്റ്‌ഫോമുകൾ നൽകുകയും ചെയ്യുന്നു. ഡിജിറ്റൽ ഇന്ത്യയുടെ വിജയം യുവാക്കൾക്ക് ഇന്റർനെറ്റിന്റെയും അറിവിന്റെയും വലിയ ലോകം തുറന്നുനൽകി. സ്റ്റാർട്ടപ്പ് ഇന്ത്യയിലൂടെ സംരംഭകർക്കും ഖേലോ ഇന്ത്യയിലൂടെ കായികതാരങ്ങൾക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഹ്രസ്വകാല പ്രശസ്തിയുടെ തിളക്കത്തിൽ വീണുപോകാതെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. ചിന്തകളിലും തത്വങ്ങളിലും വ്യക്തത പുലർത്തേണ്ടത് അനിവാര്യമാണ്. രാജ്യത്തെ മഹദ്‌വ്യക്തികളുടെ ജീവിതത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും ഓരോ വ്യക്തിയുടെയും വിജയം രാജ്യത്തിന്റെ വിജയമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ‘മേരാ യുവ ഭാരത്’ പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ യുവജനങ്ങളെ ഏകോപിപ്പിക്കാനും നേതൃപാടവം വളർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. ബഹിരാകാശ സാമ്പത്തികം, സ്പോർട്സ്, ഫിൻടെക്, മാനുഫാക്ചറിംഗ് തുടങ്ങി എല്ലാ മേഖലകളിലും യുവാക്കൾക്കായി പുതിയ അവസരങ്ങൾ തുറക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പുത്രന്മാരായ സാഹിബ്‌സാദ ബാബ സോരാവർ സിംഗ് ജി, ബാബ ഫത്തേ സിംഗ് ജി എന്നിവരുടെ സമാനതകളില്ലാത്ത ത്യാഗത്തിന്റെ സ്മരണാർത്ഥമാണ് ഡിസംബർ 26 ‘വീർ ബാൽ ദിവസ്’ ആയി ആചരിക്കുന്നത്. 2022 ജനുവരി 9-നാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. വരുംതലമുറകൾക്ക് വലിയ പ്രചോദനമാണ് ഇവരുടെ ജീവിതമെന്ന് അദ്ദേഹം അനുസ്മരിച്ചു.

Related Articles

Latest Articles