Sunday, June 2, 2024
spot_img

സ്ത്രീധനത്തിന്റെയും ജാതിഅധിക്ഷേപത്തിന്റെയും പേരിലുള്ള പീഡനത്തെ തുടർന്ന് ജീവനൊടുക്കി യുവതി; സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍

കൊച്ചി: സ്ത്രീധനത്തിന്റെയും ജാതിഅധിക്ഷേപത്തിന്റെയും പേരിലുള്ള നിരന്തരമായ ഗാർഹീക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം നല്‍കിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളത്തെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.സുമേഷും സംഗീതയും പ്രണയത്തിലായിരുന്നു. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. സുമേഷിന്റെ വീട്ടിൽസംഗീതയുടെ ജാതിയെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഗീതയെ ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ വ്യക്തമാക്കി.

പിന്നീട്, സുമേഷും സംഗീതയും കൊച്ചിയിലെ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ സമ്മര്‍ദം തുടര്‍ന്നിരുന്നതായും സ്ത്രീധനം തന്നില്ലെങ്കില്‍ ബന്ധം വിട്ടൊഴിയുമെന്നുമായിരുന്നു സുമേഷിന്റെ ഭീഷണിയെന്നും ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചു.

ഇതിനിടയില്‍ സംഗീത ഗര്‍ഭിണിയായെങ്കിലും ഗര്‍ഭാവസ്ഥയില്‍ അഞ്ചാം മാസത്തില്‍ കുഞ്ഞ് മരിച്ചു. ഇതോടെ സുമേഷിന്റ വീട്ടുകാരുടെ ഭാഗത്ത് നിന്നും അധിക്ഷേപം വര്‍ധിച്ചതോടെ സഹിക്കവയ്യാതെയാണ് സംഗീത ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Related Articles

Latest Articles