ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മയായ യുവതിയും നേരത്തേ ഗർഭഛിദ്രത്തിനു ശ്രമിച്ചെന്നും അത് പരാജയപ്പെട്ടപ്പോഴാണ്, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നതിലേക്കു അമ്മയും കാമുകനായ തോമസ് ജോസഫും എത്തിയതെന്നുമാണ് വിവരം. ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതോടെ ഗർഭം അലസിയെന്നായിരുന്നു ഇവർ കരുതിയിരുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി പോലീസ് നിരീക്ഷണത്തിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇരുവരുടെയും ഫോൺ സന്ദേശങ്ങൾ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കുന്ന കാര്യവും പരിഗണനയിലാണ് ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് കുഞ്ഞിനെ പോളിത്തീൻ കവറിലാക്കി ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അപ്പോൾ ജീവനുണ്ടായിരുന്നെന്നും ജനിച്ചപ്പോൾ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു യുവതിയുടെ നൽകിയ മൊഴി. പക്ഷേ തനിക്ക് കുഞ്ഞിനെ കൈമാറിയപ്പോൾ മരിച്ചിരുന്നുവെന്നാണ് കാമുകന്റെ മൊഴി.
അതേസമയം പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു.ആലപ്പുഴയിലെ പൊതു ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. അതേസമയം കുഞ്ഞിന്റെ മരണം കൊലപാതകമാണോ എന്നറിയാൻ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
ഈ മാസം 6-ആം തിയതിയാണ് യുവതിയുടെ പ്രസവം നടന്നത്. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. പ്രസവം നടന്നതിന്റെ പിറ്റേദിവസം നവജാത ശിശുവിനെ കുഴിച്ച് മൂടി . തുടർന്ന് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പോലീസിൽ വിവരമറിയിച്ചത്. പോലീസ് മൊഴിയെടുത്തപ്പൊഴും യുവതിപരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

