Saturday, May 18, 2024
spot_img

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക്; ആന ഉടമകളുടെ യോഗം ഇന്ന് തൃശൂരില്‍

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ആന ഉടമകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരും. രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തില്‍ ഭാവി പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യും. ആനയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുമ്പോള്‍ വനംമന്ത്രി കെ.രാജു പ്രതികൂല നിലപാട് സ്വീകരിച്ചത് ഉടമകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്..

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ലെങ്കില്‍ പൂരം വിളംബര ചടങ്ങിന് മറ്റൊരു കൊമ്പനെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും. വിലക്ക് തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെ വിട്ടുനല്‍രുത് എന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാല്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നത് ശരിയല്ലെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് ജില്ലാ കളക്ടര്‍ ടിവി അനുപമ.

ആന അക്രമാസക്തനാണ്. 2007 ൽ തുടങ്ങി നാളിന്ന് വരെ ഏഴ് പേരെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്ന ആനയാണ്. അതുകൊണ്ട് ആൾത്തിരക്കുള്ള ഉത്സവപറമ്പിൽ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരു. തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ടിവി അനുപമ വ്യക്തമാക്കി. അതേസമയം രാമച്ചന്ദ്രനെ ഒരു ദിവസത്തേക്കെങ്കിലും എഴുന്നെള്ളിക്കാൻ അനുവദിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കഴാഴ്ച വിധി പറയും.

Related Articles

Latest Articles