Saturday, September 19, 2026

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ തെക്കേഗോപുര നട തുറന്നു; ആവേശത്തിരയിളക്കി തൃശൂര്‍ പൂരവിളംബരം


തൃശൂര്‍: തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് പൂരവിളംബരം നടത്തി. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ തെക്കേഗോപുരനട തള്ളിത്തുറന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേന്തിയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ പൂരം വിളംബരം നടത്തിയത്. പതിനായിരക്കണക്കിന് ആളുകളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്.

കര്‍ശന സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് രാമനെ ചടങ്ങില്‍ എഴുന്നള്ളിച്ചത്. നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്നും തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ പിന്മുറക്കാരന്‍ തെച്ചിക്കോട്ടുകാവ് ദേവീദാസന്‍ ഏറ്റിവന്ന തിടമ്പ് വടക്കുംനാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് വച്ച് രാമചന്ദ്രന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം ചെയ്ത ശേഷമാണ് തെക്കേഗോപുര നട തള്ളിത്തുറന്നത്.

അല്‍പ്പസമയത്തിനുശേഷം തിടമ്പ് ദേവീദാസന് തന്നെ കൈമാറി തിരിച്ച് തെച്ചിക്കോട്ട് ഭഗവതിയുടെ തിരുമുറ്റത്തേക്ക് രാമന്‍ മടങ്ങി. വളരെ കുറച്ച് സമയം മാത്രമാണ് രാമനെ എഴുന്നള്ളിക്കുന്നതിന് അനുമതി ഉണ്ടായിരുന്നത്. പൂരപ്രേമികള്‍ ഏറെ ആവേശത്തോടെയാണ് രാമനെ വരവേറ്റത്.

പൂരദിവസം ഘടകപൂരങ്ങള്‍ക്ക് വടക്കുംനാഥനെ വണങ്ങി മടങ്ങാന്‍ തെക്കേഗോപുര നട തുറന്നിടുക എന്നതാണ് ചടങ്ങിന്റെ സവിശേഷത. നെയ്തലക്കാവ് ക്ഷേത്രത്തില്‍ ശീവേലിക്ക് ശേഷമാണ് എഴുന്നള്ളിപ്പ് ആരംഭിച്ചത്. നാളെയാണ് തൃശൂര്‍ പൂരം.

Related Articles

Latest Articles