Sunday, January 4, 2026

വടക്കഞ്ചേരി മംഗലം അഞ്ചുമൂർത്തി ക്ഷേത്രത്തിൽ മോഷണം; ഒമ്പത് ഭണ്ഡാരങ്ങളിൽ എട്ടെണ്ണം കുത്തി തുറന്ന നിലയിൽ; നഷ്ടപ്പെട്ടത് 25000 രൂപ !

പാലക്കാട്: വടക്കഞ്ചേരി മംഗലം അഞ്ചുമൂർത്തി ക്ഷേത്രത്തിൽ മോഷണം. ഞായറാഴ്ച രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. മോഷണത്തെ തുടർന്ന് 25000 രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ക്ഷേത്രത്തിലെ ഒമ്പത് ഭണ്ഡാരങ്ങളിൽ എട്ടെണ്ണമാണ് കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത്. നാലമ്പലത്തിനകത്ത് വിവിധ പ്രതിഷ്ഠകൾക്ക് മുന്നിലിരുന്ന ഭണ്ഡാരങ്ങളാണ് മോഷ്ടാവ് തകർത്തിരിക്കുന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വിരലടയാള വിദഗ്ധ സംഘം ഉൾപ്പടെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. മോഷ്ടാക്കൾ മുമ്പ് ക്ഷേത്രത്തിൽ ദർശനത്തിനെന്ന വ്യാജേന സ്ഥലവും പരിസരവും നിരീക്ഷിച്ച് മടങ്ങിയ ശേഷമാണ് മോഷണം നടത്തിയിട്ടുള്ളത് എന്നാണ് പോലീസിന്റെ നിഗമനം.

Related Articles

Latest Articles