ദില്ലി: മോഷണശ്രമത്തിനിടെ 52കാരിയായ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നാല്‍വര്‍ സംഘം അറസ്റ്റില്‍. വടക്കുകിഴക്കന്‍ ദില്ലിയിലെ കരവാല്‍ നഗറിലാണ് സംഭവം. താര ബോധ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ലോനി സ്വദേശികളായ അമന്, ആകാശ്, മനീഷ്, വൈഭവ് ജെയിന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോനിയില് കേസ് രജിസ്റ്റര്‍ ചെയ്ത ഒരു വയോധികയുടെ കൊലപാതകത്തിലും പങ്കുണ്ടെന്ന് അമനും ആകാശും സമ്മതിച്ചു.
അമന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബവുമായി ഇയാള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നു. പിന്നീട് താരാ ബോധിന്റെ വീട്ടില്‍ ധാരാളം പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കിയാണ് ഇയാള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടത്.
സംഭവദിവസം ചില വ്യാപാര ഇടപാടുകളുടെ പേരില്‍ ഇവര്‍ താരയുടെ വീട്ടിലെത്തി. തുടര്‍ന്ന് ഇവരെ ഒരു ഗോഡൗണിലെത്തിച്ചു. അവിടെ വെച്ചാണ് ഇവര്‍ ആക്രമണം നടത്തിയത്.
താരാ ബോധ് ധരിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നെടുത്ത പ്രതികള്‍ പിന്നീട് കത്രിക ഉപയോഗിച്ച് ഇവരുടെ കഴുത്ത് മുറിക്കുകയും ഇഷ്ടികകൊണ്ട് ആക്രമിക്കുകയുമായിരുന്നു. എന്നാല്‍ മോഷണം പൂര്‍ണമായും നടത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. വീട്ടില്‍ ഒരു അയല്‍വാസി എത്തിയതിനെ തുടര്‍ന്ന് ഇവര്‍ നാലുപേരും സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.
അയല്‍വാസിയാണ് സംഭവം പോലീസില്‍ അറിയിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണ് അമനെയും മനീഷിനെയും പോലീസ് പിടികൂടിയത്. തുടര്‍ന്ന് മറ്റ് രണ്ട് കൂട്ടാളികളും കൂടി പിടിയിലാകുകയായിരുന്നു.
തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3

