ഹരിപ്പാട്:ആലപ്പുഴയില്‍ ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ മോഷണം.പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ട്ടാവ് അകത്ത് കടന്നത്.12 കുപ്പി മദ്യമാണ് ഇയാൾ അടിച്ചോണ്ടുപോയത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിക്കായിരുന്നു മോഷണം നടന്നത്.
ആകെ 9430 രൂപയുടെ മദ്യമാണ് നഷ്ടപ്പെട്ടത്. മോഷ്ടാവ് ബിവറേജ് ഔട്ട്‌ലെറ്റിലെ മേശയും അലമാരയും കുത്തി തുറന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിഗമനം. ഞായറാഴ്ച രാവിലെ ജീവനക്കാരൻ ഔട്ട്‌ലെറ്റ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പ്രധാന ഷട്ടർ തുറന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മാനേജരെ വിവരം അറിയിക്കുകയായിരുന്നു.
മാനേജര്‍ പരാതി നല്‍കയതിനെ തുടർന്ന് ഹരിപ്പാട് പോലീസും വിരലടയാളം വിദഗ്ധരും, ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് കെഎസ്ആർടിസി ബസ് സ്റ്റേഷൻ വരെ എത്തി. സിസിടിവി പരിശോധനയിൽ മധ്യവയസ്കനായ ഒരാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു

